| Sunday, 27th April 2025, 3:54 pm

സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനം; വിഴിഞ്ഞം വനിതാ ക്രെയ്ന്‍ ഓപ്പറേറ്റര്‍മാര്‍ നാടിന്റെ അഭിമാനം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിയന്ത്രിക്കുന്ന വനിതാ ജീവനക്കാരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേര്‍ ഉള്‍പ്പെടെ ഒമ്പത് വനിതകളാണ് തുറമുഖത്തിലെ ഓട്ടോമേറ്റഡ് സി.ആര്‍.എം.ജി ക്രെയിനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകള്‍ യാര്‍ഡ് ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി തുറമുഖ നിര്‍മാണത്തിന്റെ പുരോഗതി മനസിലാക്കാന്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ ശ്രദ്ധയില്‍ വന്ന ഒരു കാര്യം, വിഴിഞ്ഞത്ത് കണ്ടെയ്‌നര്‍ നീക്കം നിയന്ത്രിക്കുന്നത് കുറെ വനിതകളാണ് എന്നതാണ്.

വിഴിഞ്ഞം സ്വദേശികളായ ഏഴ് പേര്‍ ഉള്‍പ്പെടെ ഒമ്പത് വനിതകളാണ് തുറമുഖത്തിലെ ഓട്ടോമേറ്റഡ് സി.ആര്‍.എം.ജി ക്രെയിനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകള്‍ യാര്‍ഡ് ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.,’ മുഖ്യമന്ത്രി കുറിച്ചു.

വിഴിഞ്ഞം, കോട്ടപ്പുറം, പൂവാര്‍ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എല്‍. സുനിത രാജ്, ഡി.ആര്‍. സ്റ്റെഫി റബീറ, ആര്‍.എന്‍. രജിത, പി. ആശാലക്ഷ്മി, എ.വി. ശ്രീദേവി, എല്‍. കാര്‍ത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍.

ഇവരില്‍ പലരും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയ്‌നറുകളുടെ നീക്കം അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴി നിയന്ത്രിക്കുന്നതിനായി വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ക്ഷേമ നടപടികളുടെ തുടര്‍ച്ചയായുണ്ടായ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനം കൂടിയാണ് വിഴിഞ്ഞം തുറമുഖത്തെ വനിതാ ക്രെയ്ന്‍ ഓപ്പറേറ്റര്‍മാരെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ (ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന തുറമുഖ മന്ത്രി വി.എന്‍. വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഐ.എ.എസ് ദിവ്യ എസ്. അയ്യര്‍ എന്നിവരടങ്ങിയ സംഘമാണ് വിഴിഞ്ഞം സന്ദര്‍ശിച്ചത്.

Content Highlight: Vizhinjam women crane operators are the pride of the country: Chief Minister

Latest Stories

We use cookies to give you the best possible experience. Learn more