| Sunday, 5th July 2026, 8:34 am

വിഴിഞ്ഞം: സര്‍ക്കാര്‍ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ അനുബന്ധ കരാര്‍ പരിഗണനയില്‍; അദാനിയുടെ പുതിയ അപേക്ഷയില്‍ വിശദ പരിശോധന

ആദർശ് എം.കെ.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളും താത്പര്യങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അനുബന്ധ കരാര്‍ ഒപ്പിടുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍.

അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച പുതുക്കിയ അപേക്ഷയില്‍ നിയമപരവും സാമ്പത്തികവുമായ വശങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓഹരി കൈമാറ്റത്തിന് ഔദ്യോഗികമായി അനുമതി നല്‍കുന്നതിന് മുന്‍പ് കൃത്യമായ നിയന്ത്രണ ചട്ടക്കൂടുകള്‍ രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പ്രമുഖ കപ്പല്‍ കമ്പനിയായ എം.എസ്.സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ നിലവില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഉണ്ടാകൂ എന്നും അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം.

സെബിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് കേവലം ഒരു പ്രാഥമിക ധാരണ മാത്രമാണെന്നും കമ്പനി വിശദീകരിച്ചു.

ഓഹരി വില്‍പനയ്ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് അതിന്റെ നിയമ-സാമ്പത്തിക വശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശനമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ ഈ അപേക്ഷ ആദ്യം വിലയിരുത്തും.

ഉന്നതാധികാര സമിതി വിശദമായ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന മന്ത്രിസഭായോഗം ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തുറമുഖത്തിന്റെ ഭാവി ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് പ്രതിപക്ഷത്തില്‍ നിന്നുള്ള കടുത്ത വിമര്‍ശനങ്ങളും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സര്‍ക്കാരിന് മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതീവ ജാഗ്രതയോടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് നീക്കങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എംപവേര്‍ഡ് കമ്മിറ്റിയുടെ ഔദ്യോഗിക ശപാര്‍ശ ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

Content Highlight: Vizhinjam: Supplementary agreement under consideration to ensure government stipulations.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more