| Saturday, 24th January 2026, 8:14 pm

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം; 19 മാസം പിന്നിടുമ്പോൾ പ്രതീക്ഷയ്ക്കപ്പുറത്തുള്ള വിജയം: വി.എൻ വാസവൻ

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 19 മാസം പിന്നിടുമ്പോൾ പ്രതീക്ഷയ്ക്കപ്പുറത്തുള്ള വിജയ രഹസ്യമാണെന്ന് മന്ത്രി വി.എൻ വാസവൻ.

തുറമുഖം പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തികൊണ്ടാണെന്നും വി.എൻ വാസവൻ പറഞ്ഞു.

തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേ സമയത്ത് അഞ്ച് മദർ ഷിപ്പുകൾക്ക് നങ്കൂരമിടാനുള്ള സാഹചര്യങ്ങൾ സംജാതമാകുമെന്നത് അഭിമാനകരമായ നേട്ടമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ചരക്ക് ഗതാഗതം കരമാർഗവും കടൽമാർഗവും കൈകാര്യം ചെയ്ത് പോകാൻ കഴിയുന്ന തരത്തിലേക്ക് റെയിൽവേയും എൻ.എച്ച് 66 മായുള്ള കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിലോ കൊളംബോയിലോ വരാത്ത എം.എസ്.സി ബെറോണ , എം.എസ്.സി ടർക്കി, എം.എസ്.സി ഐറീന തുടങ്ങിയ ഭീമൻ കപ്പലുകൾ ഉൾപ്പെടെ 42 ഓളം കപ്പലുകൾ ഇതിനോടകം വിഴിഞ്ഞത്തെത്തിയെന്നും മന്ത്രി പറഞ്ഞു.

‘2024 ജൂലൈ മാസത്തിൽ ട്രയൽ റൺ ആരംഭിക്കുകയും 2024 ഡിസംബർ മൂന്നിന് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.

ഒരു വർഷം കൊണ്ട് 10 ലക്ഷം കണ്ടെയ്‌നർ ടി.ഇ.യു കൈകാര്യം ചെയ്യുമെന്ന പ്രതീക്ഷയായിരുന്നെങ്കിലും, 710 ഷിപ്പുകളിലായി 15.16 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണ്,’ വി.എൻ വാസവൻ പറഞ്ഞു.

കേരളത്തിൽ ഒന്നും നേരെ ചൊവ്വേ നടക്കില്ലെന്നും വികസന പ്രവർത്തനങ്ങൾ ഇവിടെ സാധ്യമല്ലെന്ന് ആക്ഷേപിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള കൃത്യമായ മറുപടിയാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള പദ്ധതികളുടെ യാഥാർഥ്യമാക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വികസന കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും നാടിന് ഗുണകരമാകുന്ന പദ്ധതികളെ തടസങ്ങൾ അതിജീവിച്ച് നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Vizhinjam Port Phase 2 Construction Inauguration: Success Beyond Expectations After 19 Months: V.N. Vasavan

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more