| Thursday, 31st August 2023, 3:45 pm

'വിവേക് രാമസ്വാമി ഒരു മികച്ച വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി,' എതിരാളിയെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആരെയായിരിക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് തെരഞ്ഞെടുക്കുക എന്നതില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായ വിവേക് രാമസ്വാമിയെ പുകഴ്ത്തി രംഗത്തെത്തുകയാണ് ട്രംപ്. വിവേക് രാമസ്വാമി ഒരു മികച്ച വൈസ് പ്രസിഡന്റാകുമെന്നാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.

ഈയിടെ നടന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ട്രംപിനെ ’21- ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രസിഡന്റ്’ എന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി വിശേഷിപ്പിച്ചിരുന്നു.

‘അദ്ദേഹം (വിവേക് രാമസ്വാമി) ഒരു സ്മാര്‍ട്ട് വ്യക്തിയാണ്. ചെറുപ്പക്കാരനാണ്. വളരെയധികം ബുദ്ധിമാനും ഊര്‍ജ്ജസ്വലനുമാണ്. രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഞാന്‍ എന്റെ തലമുറയിലെ ഏറ്റവും മികച്ച പ്രസിഡന്റാണെന്ന് പറഞ്ഞ ഒരാളെ ഞാന്‍ ഇഷ്ടപ്പെടുമല്ലോ,’ ട്രംപ് പറഞ്ഞു.

സംവാദത്തിലെ വിവേക് രാമസ്വാമിയുടെ തന്നെക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹത്തിന്റെ സംവാദത്തിന് നേട്ടമുണ്ടാക്കിയെന്ന് സാമൂഹ്യ മാധ്യമമായ ട്രൂത് സോഷ്യലില്‍ ട്രംപ് കുറിച്ചിരുന്നു.

അതേസമയം, ട്രംപ് മുന്നിട്ട് നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷനുകളില്‍ മിക്ക പോളുകളിലും രാമസ്വാമി മൂന്നാം സ്ഥാനത്താണ്. ട്രംപിന്റെ പ്രശംസ 38 കാരനായ ശതകോടീശ്വരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയില്‍ കുടുംബവേരുകളുള്ള വിവേക് രാമസ്വാമി, 9/11 ആക്രമണത്തില്‍ യു.എസ് സര്‍ക്കാര്‍ പൂര്‍ണമായും സത്യമല്ല പറഞ്ഞത് എന്ന പരാമര്‍ശത്തിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രാമസ്വാമി ജനിക്കുന്നതിന് മുമ്പ് തന്നെ മലയാളികളായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ യു.എസിലേക്ക് കുടിയേറിയിരുന്നു. 2014ല്‍ സ്ഥാപിച്ച റോവിയന്റ് സയന്‍സസ് എന്ന ബയോടെക് കമ്പനിയിലൂടെയാണ് രാമസ്വാമി ശതകോടീശ്വരനായി മാറുന്നത്.

മലയാളവും തമിഴും അനായാസം വഴങ്ങുന്ന ഇദ്ദേഹം റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ നോമിനേഷനില്‍ ഡൊണാള്‍ഡ് ട്രംപിനും ഫ്‌ലോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസിനും വളരെ പിന്നിലാണ്.

Content Highlight: Vivek Ramaswamy a ‘very good’ Vice President candidate: Trump’s ‘praise’ for rival

We use cookies to give you the best possible experience. Learn more