| Friday, 15th March 2024, 12:46 pm

'എനിക്ക് എന്റെ കഥ കേള്‍ക്കാന്‍ സമയമില്ല, പിന്നെയല്ലേ പടം ചെയ്യാന്‍ ഉദ്ദേശിക്കാത്ത ദുല്‍ഖറിന്റേത്..' അന്ന് മമ്മൂക്ക പറഞ്ഞു: വിവേക് രാമദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. വിനി വിശ്വ ലാല്‍ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

ദുല്‍ഖറിനെ സെക്കന്‍ഡ് ഷോയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് പറയുകയാണ് ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെക്കന്റ് ഷോ കാസ്റ്റിങ്ങിന് വേണ്ടി എന്റെ അടുത്തേക്ക് വന്ന പ്രൊജക്റ്റായിരുന്നു. ഹീറോയായി ആരെ കാസ്റ്റ് ചെയ്യാം എന്ന ചോദ്യം വന്നപ്പോഴാണ് ഈ സിനിമ എന്റെ മുന്നില്‍ എത്തിയത്. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തിരുന്നു. പിന്നെ ആ സിനിമയില്‍ സണ്ണി വെയ്‌നും മറ്റുള്ളവരും ആദ്യമേ തന്നെ കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹീറോ മാത്രം അവസാനം വരെ കാസ്റ്റ് ചെയ്യപ്പെട്ടില്ല. ആരെ കാസ്റ്റ് ചെയ്യാമെന്ന ചോദ്യവുമായി അവര്‍ എന്റെ അടുത്തേക്ക് വന്നു. പല ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഇടയിലാണ് വിനു നമുക്ക് വേറെ അപ്രോച്ച് ചിന്തിച്ചുകൂടെ എന്ന് ചോദിച്ചത്. അങ്ങനെയാണ് മമ്മൂക്കയുടെ മകനെ കൊണ്ടുവന്നാലോ എന്ന ചോദ്യം വരുന്നത്. ദുല്‍ഖര്‍ എന്ന പേര് പോലും അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്തായാലും ചോദിച്ചു നോക്കാമെന്ന് ഞാന്‍ പറഞ്ഞു.

മമ്മൂക്കയുമായി അങ്ങനെ ഒരു ആക്‌സസ് ഉണ്ടായിരുന്നു. എന്നാല്‍ അത് നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാരണം ദുല്‍ഖറിന് താത്പര്യമുണ്ടെങ്കില്‍ ആള് സിനിമയില്‍ മുമ്പുതന്നെ വന്നേനെ. നമ്മളെക്കാള്‍ വലിയ ആളുകള്‍ ദുല്‍ഖറിനെ മുമ്പേതന്നെ സമീപിച്ചിട്ടുണ്ടാകണം. ആ പ്രൊജക്‌റ്റൊന്നും നടക്കാതിരിക്കാന്‍ ചിലപ്പോള്‍ എന്തെങ്കിലും കാരണവും ഉണ്ടാകാം. എന്നാല്‍ എന്താണെന്ന് നമുക്ക് അറിയില്ല. എങ്കിലും ശ്രമിക്കാമെന്ന് കരുതി.

അങ്ങനെ മമ്മൂക്കയോട് കാര്യം ചോദിച്ചു. ആദ്യം മമ്മൂക്ക പറഞ്ഞത് അവന്‍ ബിസിനസൊക്കെ ചെയ്ത് നില്‍ക്കുകയാണ് എന്നായിരുന്നു. കഥ കേട്ടപ്പോള്‍ നല്ലതായി തോന്നിയെന്നും ദുല്‍ഖര്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും ഞാന്‍ പറഞ്ഞു. അപ്പോഴും മമ്മൂക്ക നെഗറ്റീവായിട്ടാണ് സംസാരിച്ചത്. അവസാനം ഞാന്‍ മമ്മൂക്കയോട് ആ കഥ കേട്ട് നോക്കാന്‍ ആവശ്യപെട്ടു. അതിന് മമ്മൂക്ക ഓക്കേ പറഞ്ഞു.

നമ്മളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ഒക്കെ പറഞ്ഞത്. പിന്നെയും മമ്മൂക്കയെ കണ്ടപ്പോള്‍ കഥ കേള്‍ക്കാമെന്ന് തന്നെയായിരുന്നു മറുപടി. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ ആദ്യമേ തന്നെ നടക്കില്ലെന്ന് പറഞ്ഞതല്ലേ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്. ഇക്ക കേള്‍ക്കാമെന്ന് പറഞ്ഞതല്ലേയെന്ന് ചോദിച്ചപ്പോള്‍ മറുപടി കേള്‍ക്കാമെന്ന് തന്നെയായി. എന്നിട്ടും കുറേ റീസണുകള്‍ പറയുമായിരുന്നു.

ഇതിനിടയില്‍ കുറേ ഗ്യാപ് വന്നു. ദിവസവും മമ്മൂക്കയുടെ മുന്നില്‍ ചെന്ന് ഒരേകാര്യം പറയാന്‍ നമുക്കും ചമ്മലുണ്ടായിരുന്നു. അങ്ങനെ ഒരു തവണ അവസാന ശ്രമമെന്നോണം ഒരു തവണ കൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോയി. അന്ന് മമ്മൂക്ക പറഞ്ഞത് എനിക്ക് എന്റെ കഥ കേള്‍ക്കാന്‍ സമയമില്ല, പിന്നെയാണ് പടം ചെയ്യാന്‍ ഉദ്ദേശിക്കാത്ത അവന്റെ കഥ എന്നായിരുന്നു. എങ്കില്‍ മമ്മൂക്ക അവന്റെ നമ്പര്‍ തരുമോ ഞാന്‍ നേരിട്ട് കണ്ട് സംസാരിക്കാമെന്ന് പറഞ്ഞു. ‘എന്നാല്‍ ശരി കൊണ്ടുപോ’ എന്ന് പറഞ്ഞ മമ്മൂക്ക ദുല്‍ഖറിന്റെ നമ്പര്‍ തന്നു,’ വിവേക് രാമദേവന്‍ പറഞ്ഞു.


Content Highlight: Vivek Ramadevan Talks About Mammootty

Latest Stories

We use cookies to give you the best possible experience. Learn more