| Saturday, 16th August 2025, 3:37 pm

'അടുത്ത നാഷണല്‍ അവാര്‍ഡ് ലോഡിങ്' കശ്മീര്‍ ഫയല്‍സിന് ശേഷം അടുത്ത പ്രൊപ്പഗണ്ടയുമായി വിവേക് അഗ്നിഹോത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തീവ്രവലതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയതയുടെ രാഷ്ട്രീയം പറഞ്ഞ പ്രൊപ്പഗണ്ട ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ ദി കശ്മീര്‍ ഫയല്‍സ്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ത്യയിലെ ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ മുസ്‌ലിങ്ങളും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നു എന്നായിരുന്നു വരുത്തിത്തീര്‍ത്തത്.

സംഘപരിവാറിന്റെ ആശയങ്ങളെ ഉയര്‍ത്തിക്കാട്ടിയ ചിത്രത്തിന് മികച്ച ദേശിയോദ്ഗ്രഥന ചിത്രം, മികച്ച സഹനടി എന്നീ വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡ് നല്‍കപ്പെട്ടു. സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് പിന്നീട് സെന്‍സര്‍ബോര്‍ഡില് അംഗത്വവും നല്‍കപ്പെട്ടു. ഇപ്പോഴിതാ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായിരിക്കുകയാണ്.

ദി ബംഗാള്‍ ഫയല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബംഗാള്‍ വിഭജനത്തിന്റെ കഥയാണ് പറയുന്നത്. ഗാന്ധി, ജിന്ന എന്നിവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചിത്രത്തില്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്ന നരേറ്റീവും ഉയര്‍ത്തിക്കാട്ടുന്നു. കശ്മീര്‍ ഫയല്‍സിലേത് പോലെ മുസ്‌ലിം വിരുദ്ധത ഈ ചിത്രത്തിലും ആവശ്യത്തിലേറെയുണ്ട്.

ബംഗാളിലെ മുസ്‌ലിങ്ങളില്‍ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നും അവരുടെ ലക്ഷ്യം ഇന്ത്യയെ വീണ്ടും വിഭജിക്കുകയാണെന്നുമുള്ള ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘അനധികൃത കുടിയേറ്റക്കാര്‍ 10 ശതമാനമായാല്‍ അവര്‍ വോട്ട് ബാങ്കായി മാറും. 20 ശതമാനമായാല്‍ അവര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ വേണമെന്ന് പറയും. 30 ശതമാനമായാല്‍ സ്വന്തമായൊരു രാജ്യം വേണമെന്ന് ആവശ്യപ്പെടും’ എന്ന് നായകനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്.

അനധികൃത കുടിയേറ്റക്കാരാണെന്ന് പറഞ്ഞ് ബിഹാറില്‍ 60 ലക്ഷത്തിലധികം ആളുകളെ വോട്ടര്‍പട്ടികയില്‍ നിന് ഒഴിവാക്കുന്നതിനെ ന്യായീകരിക്കാനാണ് ഇത്തരമൊരു ചിത്രമെന്ന് കരുതിയാല്‍ തെറ്റ് പറയാനാകില്ല. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുന്ന മുസ്‌ലിം വേഷധാരികളെ ഈ സിനിമയില്‍ ഉള്‍പ്പെടുത്താനും സംവിധായകന്‍ മറന്നിട്ടില്ല.

അടുത്തവര്‍ഷം ബംഗാളില്‍ നടക്കാനിരിക്കുന്ന ഇലക്ഷന്‍ മുന്നില്‍ കണ്ട് ഇത്തരമൊരു പ്രൊപ്പഗണ്ട സിനിമ പുറത്തിറക്കുന്ന വിവേക് അഗ്നിഹോത്രിയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ വയ്യ. കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങിയ മൂന്നാംകിട പ്രൊപ്പഗണ്ട സിനിമകള്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കി ‘ആദരിക്കുന്ന’ കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ ഫയല്‍സിനുള്ള അവാര്‍ഡ് ഇപ്പഴേ മാറ്റിവെച്ചിട്ടുണ്ടെന്ന് ഏറെക്കുറെഉറപ്പായെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

Content Highlight: Vivek Agnihotri’s new movie titled as The Bengal Files trailer out now

We use cookies to give you the best possible experience. Learn more