| Wednesday, 27th November 2013, 7:19 am

വിതുര കേസ്: പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി മജിസ്‌ട്രേറ്റുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: വിതുര കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മുമ്പ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി മജിസ്‌ട്രേറ്റുമാര്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ മൊഴി നല്‍കി.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായിരുന്ന എന്‍. പ്രസന്നന്‍, അജിത് കുമാര്‍ എന്നിവരാണ് മൊഴി നല്‍കിയത്.

ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് മൂത്തേടന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിയല്‍ പരേഡിനിടെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

പെണ്‍കുട്ടി ജേക്കബ് മൂത്തേടനൊപ്പം മൂന്നാറിലെ വീട്ടില്‍ എത്തിയിരുന്നുവെന്ന് മൊഴി നല്‍കിയിരുന്ന ഐഡ നിവാസില്‍ റോയ്, ഭാര്യ ഐഡ എന്നിവര്‍ വിചാരണയ്ക്കിടെ മൊഴി മാറ്റി. ഇവര്‍ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.

അന്വേഷണോദ്യോഗസ്ഥനായിരുന്ന സി.ഐ പീറ്റര്‍ ബാബു ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് അടുത്ത മാസം നാലിലേയ്ക്ക് മാറ്റി.

വര്‍ഷം ഇത്രയേറെ ആയതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റുമാരെ വിസ്തരിച്ചത്.

We use cookies to give you the best possible experience. Learn more