| Monday, 3rd February 2014, 1:26 pm

വിതുര പെണ്‍വാണിഭം: മൂന്ന് പേരെ കൂടി വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ മൂന്ന് പേരെ കൂടി കോടതി വെറുതെ വിട്ടു.

ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിക്ക് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

കോട്ടയത്തെ പ്രത്യേക കോടതിയാണ് ഇവരെ വെറുതെവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ വിതുര പെണ്‍വാണിഭക്കേസുകളില്‍ ആകെയുളള 15 കേസുകളില്‍ 13 കേസിലും പ്രതികളെ വെറുതെ വിട്ടു. ശേഷിക്കുന്ന രണ്ട് കേസുകള്‍ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വിതുര പെണ്‍വാണിഭക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.സി. പീറ്റര്‍ അടക്കം ആറു പ്രതികളെ  പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാന്‍ കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു.

കൊച്ചി സ്വദേശി സുനില്‍ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കേസില്‍ ആലുവ മുന്‍ ഡി.വൈ.എസ്പി പി. മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് ഇവരെ വെറുതെ വിട്ടത്.

ഇതിന് മുന്‍പ് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ടി.എം.ശശിയെയും കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ്.ഷാജഹാന്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.

അന്വേഷണഘട്ടത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ല. ഇതോടെ രണ്ടുകേസുകളില്‍ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.

Latest Stories

We use cookies to give you the best possible experience. Learn more