| Tuesday, 4th February 2014, 1:01 pm

വിതുര കേസ്: മുഴുവന്‍ പ്രതികളേയും വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ രണ്ടുപ്രതികളെക്കൂടി വെറുതെവിട്ടു. ഇതോടെ പ്രത്യേക കോടതയില്‍ ഫയല്‍ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരായി.

രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

ചലചിത്രനടന്‍ ജഗതി ശ്രീകുമാര്‍ വരെ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ ഒന്നാം പ്രതി സുരേഷ് അടക്കമുള്ള ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്.

ചൊവാഴ്ച്ച കേസില്‍ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ജേക്കബ് മുത്തേടന്‍, മാജന്‍, അസീസ് എന്നിവരെയാണ് ഇന്നലെ വെറുതെവിട്ടത്.

വിതുര പെണ്‍വാണിഭക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.സി. പീറ്റര്‍ അടക്കം ആറു പ്രതികളെ  പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാന്‍ കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു.

കൊച്ചി സ്വദേശി സുനില്‍ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കേസില്‍ ആലുവ മുന്‍ ഡി.വൈ.എസ്പി പി. മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകള്‍ ഇല്ലാത്തതിനാലുമാണ് ഇവരെ വെറുതെ വിട്ടത്.

ഇതിന് മുന്‍പ് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ടി.എം.ശശിയെയും കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ്.ഷാജഹാന്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.

അന്വേഷണഘട്ടത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ല. ഇതോടെ രണ്ടുകേസുകളില്‍ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വിതുര സ്വദേശിനിയായ അജിത, പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്.

Latest Stories

We use cookies to give you the best possible experience. Learn more