ഇന്ത്യയില്‍ ഐ.പി.എല്‍ അവസാനിക്കും മുമ്പ് തന്നെ ഇംഗ്ലണ്ട് മണ്ണില്‍ ടി-20 പൂരത്തിന് തുടക്കമാവുകയാണ്. 18 ടീമുകള്‍ പങ്കെടുക്കുന്ന വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ പുതിയ സീസണ്‍ മെയ് 29ന് ആരംഭിക്കും.
ഫൈനലടക്കം 133 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. മെയ് 29മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് വൈറ്റാലിറ്റി ബ്ലാസ്റ്റ് അരങ്ങുതകര്‍ക്കുന്നത്.
നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി 18 ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഒമ്പത് ടീമുകളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്.
ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമടക്കം 14 മത്സരങ്ങള്‍ കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം പോയിന്റ് നേടുന്ന നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും. സെപ്റ്റംബര്‍ അഞ്ച് മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
നോര്‍ത്ത് ഗ്രൂപ്പ്
ഡെര്‍ബിഷെയര്‍ /ഡെര്‍ബിഷെയര്‍ ഫാല്‍ക്കണ്‍സ്
ദുര്‍ഹാം
ലങ്കാഷെയര്‍ / ലങ്കാഷെയര്‍ ലൈറ്റ്നിങ്
ലെസ്റ്റര്‍ഷെയര്‍ /ലെസ്റ്റര്‍ഷെയര്‍ ഫോക്സസ്
നോട്ടിങ്ഹാംഷെയര്‍ / നോട്ട്സ് ഔട്ട്ലോസ്
നോര്‍താംപ്ടണ്‍ഷെയര്‍ / നോര്‍തന്റ്സ് സ്റ്റീല്‍ബാക്സ്
വാര്‍വിക്‌ഷെയര്‍ / ബെര്‍മിങ്ഹം ബെയേഴ്സ്
വോര്‍സ്റ്റര്‍ഷെയര്‍ / വോസ്റ്റര്‍ഷെയര്‍ റാപിഡ്സ്
യോര്‍ക്‌ഷെയര്‍ / യോര്‍ക്ഷെയര്‍ വൈക്കിങ്സ്
സൗത്ത് ഗ്രൂപ്പ്
എസെക്സ് / എസെക്സ് ഈഗിള്‍സ്
ഗ്ലാമോര്‍ഗണ്‍
ഗ്ലോസ്റ്റര്‍ഷെയര്‍
ഹാംഷെയര്‍ / ഹാംഷെയര്‍ ഹോക്സ്
കെന്റ് / കെന്റ് സ്പിറ്റ്ഫയേഴ്സ്
മിഡില്‍സെക്സ്
സോമര്‍സെറ്റ്
സറേ
സസക്സ് / സസക്സ് ഷാര്‍ക്സ്
ഡബിള്‍ ഹെഡ്ഡറോടെയാണ് വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ പുതിയ സീസണിന് തുടക്കമാകുന്നത്. ഓരോ ദിവസവും ഒന്നിലധികം മത്സരങ്ങള്‍ നടക്കുന്നതും ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.
മെയ് 29ന് ലോര്‍ഡ്‌സില്‍ മിഡില്‍സെക്‌സ് സസക്‌സിനെയും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലങ്കാഷെയര്‍ വോര്‍സ്‌റ്റെര്‍ഷെയറിനെയും നേരിടും.
ഗ്ലോസ്റ്റര്‍ഷെയറാണ് കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സോമര്‍സെറ്റിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഗ്ലോസ്റ്റര്‍ഷെയറിന്റെ വിജയം.
ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സോമര്‍സെറ്റിന് 124 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 37 പന്തില്‍ 53 റണ്‍സടിച്ച ലൂയീസ് ഗ്രിഗറിയുടെ ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയ മാത്യൂ ടെയ്‌ലര്‍, ഡേവിഡ് പെയ്ന്‍ എന്നിവരുടെ കരുത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ എറിഞ്ഞിട്ടു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലോസ്റ്റര്‍ഷെയര്‍ 15 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മൈല്‍ ഹാമ്മണ്ട് (41 പന്തില്‍ പുറത്താകാതെ 58), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (42 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ കിരീടമുയര്‍ത്തുകയായിരുന്നു.
Content Highlight: Vitality Blast 2025 will start from May 29