| Tuesday, 21st January 2025, 2:18 pm

ക്യാമ്പ് നഷ്ടമായ ഒരേയൊരു കളിക്കാരന്‍ സഞ്ജു മാത്രമല്ല, എന്നിട്ടും മറ്റുള്ളവര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചു; തുറന്ന് പറഞ്ഞ് വിശ്വനാഥ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കാത്തത് കാരണമാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് സഞ്ജു നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സഞ്ജു മെയില്‍ അയച്ചിട്ടും കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ സഞ്ജുവും കെ.സി.എയും തമ്മില്‍ പ്രശ്‌നങ്ങള്‍ വഷളാകുകയാണ്.

Sanju Samson

ഇപ്പോള്‍ സഞ്ജുവും കെസി.എയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജുവിന്റെ പിതാവ് വിശ്വനാഥന്‍. സഞ്ജുവുമായി പ്രശ്‌നമുള്ള ആളുകള്‍ കെ.സി.എയില്‍ ഉണ്ടെന്നും ക്യാമ്പ് നഷ്ടമായ ഓരേയൊരാള്‍ സഞ്ജു മാത്രമല്ലെന്നും സാംസണ്‍ വിശ്വനാഥ് പറഞ്ഞു. ഇതേ അവസ്ഥയിലുള്ള മറ്റ് കളിക്കാര്‍ക്ക് കെ.സി.എ അവസരം കൊടുത്തെന്നും തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് സംസാരിച്ച് തിരുത്താനും തങ്ങള്‍ തയ്യാറാണെന്നും സഞ്ജുവിന്റെ പിതാവ് പറഞ്ഞു.

‘എന്റെ മകനുമായി പ്രശ്നമുണ്ടെന്ന് തോന്നുന്ന ചില വ്യക്തികള്‍ കെ.സി.എയില്‍ ഉണ്ട്. അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ എപ്പോഴും നിശബ്ദത പാലിക്കുന്നു. എന്നാല്‍ ഇത്തവണ അത് ഒരുപാട് അകല്‍ച്ചയിലാക്കി. ക്യാമ്പ് നഷ്ടമായ ഒരേയൊരു കളിക്കാരന്‍ സഞ്ജു മാത്രമല്ല, എന്നിട്ടും അതേ അവസ്ഥയിലുള്ള മറ്റുള്ളവര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചു,

ഇത് ജയേഷ് ജോര്‍ജിനെയോ (കെ.സി.എ പ്രസിഡന്റ്) അല്ലെങ്കില്‍ വിനോദ് എസ്. കുമാറിനെയോ (ബോര്‍ഡ് സെക്രട്ടറി) പോലുള്ളവരെക്കുറിച്ചല്ല. നിസാര പ്രശ്നങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതിന് ചില വ്യക്തികള്‍ ഇടയിലുണ്ട്. ഞങ്ങള്‍ കായികതാരങ്ങളാണ്.

സ്‌പോര്‍ട്‌സിന്റെ ബിസിനസില്‍ ഉള്‍പ്പെട്ടിട്ടില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്റെ മകന് കളിക്കാന്‍ ന്യായമായ അവസരം നല്‍കണമെന്നാണ്. ഒരു തെറ്റ് ഉണ്ടെങ്കില്‍, അതിനെക്കുറിച്ച് സംസാരിക്കാനും അത് തിരുത്താനും ഞങ്ങള്‍ തയ്യാറാണ്,’ സാംസണിന്റെ പിതാവ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

Sanju

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍)

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Viswanath Talking About Issue Of KCA And Sanju Samson

We use cookies to give you the best possible experience. Learn more