13 വര്‍ഷത്തെ ഹിറ്റില്ലാത്ത വരള്‍ച്ചക്ക് കറുപ്പിലൂടെ അവസാനം കുറിച്ച സൂര്യയുടെ പുതിയ ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. അനൗണ്‍സ്‌മെന്റ് മുതല്‍ സൂര്യയുടെ ആരാധകര്‍ പ്രതീക്ഷ വെച്ച ചിത്രം ഫാമിലി എന്റര്‍ടൈനറായാണ് സംവിധായകന്‍ അണിയിച്ചൊരുക്കിയത്. ഏറെക്കാലത്തിന് ശേഷം ഫീല്‍ ഗുഡ് ഴോണറിലേക്ക് സൂര്യ തിരിച്ചെത്തുമ്പോള്‍ ലഭിക്കുന്നത് മികച്ചൊരു സിനിമാനുഭവം തന്നെയാണ്.
ഇന്ത്യയിലെ ബില്യണയര്‍മാരില്‍ ഒരാളായ സഞ്ജയ് വിശ്വനാഥിനെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. അമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടുന്ന സഞ്ജയ് വിശ്വനാഥിനെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. സഞ്ജയ്‌യുടെ ജീവിതത്തിലേക്ക് അയാളുടെ മകന്‍ കടന്നുവരുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ.
ഇമോഷനും കോമഡിയും ഫാമിലി സെന്റിമെന്റ്‌സുമെല്ലാം ചേര്‍ന്ന് നല്ലൊരു ഫീല്‍ ഗുഡ് പാക്കേജായാണ് വെങ്കി അട്‌ലൂരി വിശ്വനാഥ് ആന്‍ഡ് സണ്‍സ് അണിയിച്ചൊരുക്കിയത്. ഏറെക്കാലത്തിന് ശേഷം ചാര്‍മിങ്ങായിട്ടുള്ള, സ്‌ക്രീനില്‍ നല്ല എനര്‍ജറ്റിക്കായ സൂര്യയെ അവതരിപ്പിക്കാന്‍ വെങ്കിക്ക് സാധിച്ചിട്ടുണ്ട്. അതിമനോഹരമായ ആദ്യപകുതിയും ഇടക്ക് ചെറുതായി ക്രിഞ്ചായ സെക്കന്‍ഡ് ഹാഫും ചേര്‍ന്ന് ചിത്രമെന്ന് വിശ്വനാഥ് ആന്‍ഡ് സണ്‍സിനെ വിശേഷിപ്പിക്കാം.
സൂര്യ- മമിത റൊമാന്‍സ് എങ്ങനെ അവതരിപ്പിക്കുമെന്നായിരുന്നു ഏറ്റവും വലിയ ടെന്‍ഷന്‍. പ്രായക്കൂടുതലുള്ള നായകനോട് നായികക്ക് പ്രണയം തോന്നാനുള്ള കാരണവും പിന്നീട് നായികയുടെ റൊമാന്‍സും വെങ്കി കൈയടക്കത്തോടെ അവതരിപ്പിച്ചു. സിനിമയുടെ അവസാനം ഈ റൊമാന്‍സ് കണ്‍ക്ലൂഡ് ചെയ്ത വിധവും മികച്ചതായിരുന്നു.
അച്ഛന്‍- മകന്‍, അമ്മ- മകന്‍ ഇമോഷനെ വളരെ ഭംഗിയായി തന്നെയാണ് സംവിധായകന്‍ വരച്ചുകാട്ടിയിട്ടുള്ളത്. ഒന്ന് പാളിയാല്‍ അങ്ങേയറ്റം മോശമാകേണ്ട പല കാര്യങ്ങളെയും കയ്യടക്കത്തോടെ അവതരിപ്പിച്ചതും കൈയടി അര്‍ഹിക്കുന്നുണ്ട്. ചാരിറ്റി, നന്മമരം നായകന്‍ എന്ന ക്ലീഷേയെ ചെറുതായി തകര്‍ത്ത ഏരിയയും എടുത്തുപറയേണ്ടത്.
നായകന്റെ ഹീറോയിസം കാണിക്കാന്‍ വേണ്ടി ഇടക്ക് രണ്ട് ഫൈറ്റ് സീക്വന്‍സുകള്‍ കുത്തിക്കയറ്റിയത് അത്രക്ക് നല്ലതായി തോന്നിയില്ല. സൂര്യയെപ്പോലൊരു സൂപ്പര്‍താരത്തിന്റെ സിനിമയില്‍ ആരാധകരെ ആവേശത്തിലാക്കാന്‍ വേണ്ടി ഉള്‍പ്പെടുത്തിയതാണെന്ന് ഈ ഫൈറ്റ് സീനുകളെ വിശേഷിപ്പിക്കാം.
പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വന്നാല്‍ ‘ദി വണ്‍’ സൂര്യ എല്ലാ തവണത്തേയും പോലെ ഇത്തവണയും മികച്ചതാക്കി. ഗജിനി, വാരണം ആയിരം എന്നീ ചിത്രങ്ങളില്‍ കണ്ട പഴയ സൂര്യയെ ഈ സിനിമയില്‍ കാണാന്‍ സാധിക്കും. കോമഡി വഴങ്ങില്ല എന്ന വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി കോമഡി സീനുകളില്‍ താരം നിറഞ്ഞുനിന്നു. ഇമോഷണല്‍ സീനിലും താന്‍ ‘ദി വണ്‍’ തന്നെയാണെന്ന് സൂര്യ തെളിയിച്ചു.
മമിത…. ടീസര്‍ മുതല്‍ ഓരോ അപ്‌ഡേറ്റിലും ‘ക്യൂട്ട്‌നെസ്സ് മെഴുകല്‍’ എന്ന വിമര്‍ശനത്തിന് തന്റെ പെര്‍ഫോമന്‍സിലൂടെ മമിത മറുപടി നല്‍കി. മാഡി എന്ന കഥാപാത്രം കാണിക്കുന്ന കാര്യങ്ങള്‍ ക്യൂട്ടാണെങ്കിലും അതിനെ ക്രിഞ്ചിലേക്ക് കൊണ്ടുപോകാതിരിക്കാന്‍ മമിതക്ക് സാധിച്ചു. 26 വയസ് വ്യത്യാസമുള്ള സൂര്യയുമായി നല്ല കെമിസ്ട്രി തോന്നിക്കാനും മമിതക്ക് കഴിഞ്ഞിട്ടുണ്ട്.
സൂര്യക്കും മമിതക്കും ശേഷം ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം രാധിക ശരത്കുമാറിന്റേതാണ്. ചില സീനുകളില്‍ സൂര്യയെക്കാള്‍ മികച്ച പ്രകടനം രാധിക കാഴ്ചവെച്ചിട്ടുണ്ട്. രാധിക- മമിത കോമ്പോ സീനുകള്‍ ഈ സിനിമയുടെ ആത്മാവാണെന്ന് പറയാം. തായ് കിഴവിക്ക് ശേഷം രാധിക തന്റെ പെര്‍ഫോമന്‍സ് കൊണ്ട് കൈയടി നേടിയിട്ടുണ്ട്.
ചെറിയ സ്‌ക്രീന്‍ ടൈം കൊണ്ട് രവീണ ടണ്ടനും മനസില്‍ തങ്ങിനില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ചു. സുനില്‍ റെഡ്ഡി, നാസര്‍, ഭവാനി ശ്രീ, ജോര്‍ജ് മരിയന്‍, കാളി വെങ്കട് എന്നിവര്‍ അവരവരുടെ ഭാഗം കൃത്യമായി ചെയ്തിട്ടുണ്ട്.
120 കോടി ബജറ്റിന്റെ ഗ്രാന്‍ഡ്വര്‍ ഓരോ സീനിലും കൊണ്ടുവരാന്‍ വെങ്കിക്ക് സാധിച്ചെന്ന് പറയാം. റിച്ച് ഫ്രെയിമുകളും അതിനൊത്തെ സെറ്റുകളുമെല്ലാം കണ്ണിന് നല്ല ഫ്രഷ്‌നസ് നല്‍കുന്നവയായിരുന്നു. സഞ്ജയ് വിശ്വനാഥിന്റെ വലിയ ലോകം സംവിധായകന്‍ കൃത്യമായി പ്രേക്ഷകരിലേക്കെത്തിച്ചിട്ടുണ്ട്. ബംഗ്ലാന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, നിമിഷ് രവിയുടെ ഛായാഗ്രഹണവും അതിനൊത്ത് ടോപ് ലെവലെന്ന് വിശേഷിപ്പിക്കാം.
ജി.വി. പ്രകാശ്… സൂരറൈ പോട്രിന് ശേഷം സൂര്യക്ക് വേണ്ടി ജി.വി.പി ഒരുക്കിയ സംഗീതം ഗംഭീരമായിട്ടുണ്ട്. ദി വണ്‍ ടൈറ്റില്‍ കാര്‍ഡും ഇമോഷണല്‍ സീനിലെ ബി.ജി.എമ്മും എല്ലാം മികച്ചുനിന്നു.
മൊത്തത്തില്‍ പണക്കാരുടെ പരാധീനതകള്‍ പറഞ്ഞുവെക്കുന്നതിനോടൊപ്പം ചില ഫീല്‍ഗുഡ് മൊമന്റുകള്‍ സമ്മാനിച്ച ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. വിശ്വനാഥിന്റെ ഈ വാരിസുകള്‍ ഒട്ടും മോശമല്ല.
Content Highlight: Viswanath And Sons movie review