| Saturday, 31st January 2026, 3:28 pm

ഇത് പുതിയ 'വിസ്മയത്തുമ്പത്തോ': ചില നിഗൂഢതകളും രസകരമായ സാമ്യതകളും

ആര്യ. പി

മോഹന്‍ലാല്‍-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ‘വിസ്മയത്തുമ്പത്ത്’ മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരു അസാധാരണ മിസ്റ്ററി അനുഭവമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം, സമാനമായ ഒരു അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് അഖില്‍ സത്യന്റെ ‘സര്‍വ്വം മായ’. രണ്ട് സിനിമകളെയും കൂട്ടിയിണക്കുന്ന ചില ഘടകങ്ങള്‍ പരിശോധിച്ചാല്‍ രസകരമായ ചില സാമ്യങ്ങള്‍ കണ്ടെത്താം.

‘വിസ്മയത്തുമ്പത്തില്‍’ മോഹന്‍ലാലിന്റെ ശ്രീകുമാര്‍ എന്ന കഥാപാത്രം അനുഭവിക്കുന്ന ചില നിസ്സഹായതകള്‍ ഉണ്ട്. നയന്‍താരയുടെ കഥാപാത്രത്തെ കാണുന്നതും സംസാരിക്കുന്നതും അയാള്‍ മാത്രമാണ്.

ചുറ്റുമുള്ളവര്‍ക്ക് അതൊരു ഭ്രാന്തോ മിഥ്യയോ മാത്രമായിരുന്നു. ഇതേ നിസ്സഹായതയുടെ മറ്റൊരു മുഖമാണ് ‘സര്‍വ്വം മായ’യിലെ നായകനായ പ്രഭേന്ദുവും. അയാള്‍ കാണുന്ന കാഴ്ചകളോ അനുഭവങ്ങളോ മറ്റാര്‍ക്കും മനസ്സിലാകുന്നില്ല. നായകന്‍ അനുഭവിക്കുന്ന ഈ ഏകാന്തതയാണ് സിനിമയുടെ ജീവന്‍. മിഥ്യയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ആ നൂല്‍പ്പാലത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

വിസ്മയത്തുമ്പത്ത് Photo: Screengrab/Facebook

‘വിസ്മയത്തുമ്പത്ത്’ ആസ്ട്രല്‍ പ്രൊജക്ഷന്‍ പോലുള്ള മെഡിക്കല്‍-സയന്റിഫിക് കാരണങ്ങളിലൂടെ മിസ്റ്ററിയെ വിശദീകരിച്ചപ്പോള്‍, ‘സര്‍വ്വം മായ’ അതിന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ‘മായ’ എന്ന സങ്കല്‍പ്പത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്.

കാണുന്നതെല്ലാം സത്യമാണോ അതോ മനസ്സിന്റെ വെറും തോന്നലുകളാണോ എന്ന ആശയക്കുഴപ്പം പ്രേക്ഷകനിലും നായകനിലും ഒരുപോലെ സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

നായികമാരിലേക്ക് വന്നാല്‍ വിസ്മയത്തുമ്പത്തിലെ റീത്തയും ‘സര്‍വ്വം മായ’യിലെ മായയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ട് പേരും തങ്ങളുടെ അസ്തിത്വം തിരയുന്നവരാണെങ്കിലും, ആ അന്വേഷണത്തിന്റെ സ്വഭാവം അവരെ രണ്ട് വ്യത്യസ്ത തലങ്ങളിലാണ് എത്തിക്കുന്നത്.

റീത്തയുടെ ശരീരം കോമയില്‍ കിടക്കുമ്പോഴും ആ സത്ത പൂര്‍ണ്ണമായും വിട്ടുമാറാത്ത ഒരു ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ അവസ്ഥയിലായിരുന്നു. മരണത്തിന് തൊട്ടടുത്തെത്തി നില്‍ക്കുന്ന എന്നാല്‍ ജീവന്‍ പൂര്‍ണ്ണമായി പോയിട്ടില്ലാത്ത ഒരു ആത്മാവിന്റെ പ്രയാണമായിരുന്നു അത്. അവള്‍ക്ക് ചുറ്റുമുള്ള ലോകവുമായി സംവദിക്കാനുള്ള ഏക കണ്ണി ശ്രീകുമാറായിരുന്നു.

എന്നാല്‍ മായയുടെ അവസ്ഥ ഇതിലും നിഗൂഢമാണ്. മായ പൂര്‍ണ്ണമായും ഒരു പ്രേതമോ ആത്മാവോ ആവാം. ശരീരത്തില്‍ നിന്ന് ജീവന്‍ വിട്ടുമാറിയെങ്കിലും അവള്‍ ആരാണെന്നും എന്താണെന്നും തിരിച്ചറിയാനുള്ള ഒരു വഴിയായാണ് അവള്‍ പ്രഭേന്ദുവിനെ കാണുന്നത്.

സര്‍വ്വം മായയിലെ ഒരു രംഗം Photo: Screengrab/Facebook

പ്രഭേന്ദുവെന്ന കഥാപാത്രമായുള്ള നിവിന്‍ പോളിയുടെ പക്വതയാര്‍ന്ന പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. മോഹന്‍ലാല്‍ ശ്രീകുമാര്‍ എന്ന കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച നിസ്സഹായത നിവിന്‍ പോളി സര്‍വ്വം മായയിലും മറ്റൊരു രീതിയില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അമിതാഭിനയത്തിന്റെ അകമ്പടിയില്ലാതെ തന്നെ ഉള്ളിലെ ഭയവും സംശയവും പ്രേക്ഷനിലെത്തിക്കാന്‍ നിവിനായി.

വിസ്മയത്തുമ്പത്തിനെപ്പോലെ വലിയൊരു താരനിരയൊന്നും അവകാശപ്പെടാനില്ലെങ്കിലും,  ഒരു ‘മിസ്റ്ററി ഫീല്‍’ പുനഃസൃഷ്ടിക്കാന്‍ സര്‍വ്വം മായയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ല. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നായകന്‍ അനുഭവിച്ച ചില ‘നിഗൂഢത’കള്‍ പ്രേക്ഷകന്റെ ഉള്ളിലും അതേ അളവില്‍ അവേശിഷിപ്പിക്കുന്നിടത്താണ് സിനിമയുടെ വിജയം.

Content Highlight: Vismayathumbath and Sarvammaya Similarity and Secrets

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more