| Thursday, 20th August 2026, 7:16 pm

കഴുത്തിന് പിടിച്ച സമയത്ത് ആശിഷിന്റെ മുഖത്ത് നോക്കിയപ്പോള്‍ വേറെ ആരെയോ പോലെ തോന്നി: വിസ്മയ മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലേക്ക് പുതിയ ഒരു അഭിനേത്രിയെ സമ്മാനിച്ച ചിത്രമായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ തുടക്കം. മലയാളത്തിലെ ഹിറ്റ് സംവിധായകനായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തിയതോടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രശംസയറിയിച്ച് കൊണ്ട് ഒട്ടനവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

തുടക്കം. Photo: IMDB

മോഹന്‍ലാലിന്റെ മൂത്ത മകനായ പ്രണവ് മോഹന്‍ലാലിന് പിന്നാലെയാണ് വിസ്മയയും ഇപ്പോള്‍ അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ്. താരത്തിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ആശിഷിന്റെയും സിനിമാ അരങ്ങേറ്റമാണ് ചിത്രത്തിലൂടെ സാധ്യമായത്.

വില്ലന്‍ കഥാപാത്രമായി എത്തിയ ആശിഷിന്റെ പ്രകടനത്തിന് വലിയ പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിച്ചത്. ചിത്രത്തില്‍ അഭിനയിക്കവെ ആശിഷുമായി ഉണ്ടായ അനുഭവത്തെ കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു വിസ്മയയുടെ പ്രതികരണം.

തുടക്കം. Photo: X.com

‘ആശിഷ് ചിത്രത്തിലുള്ളത് കൊണ്ട് ഞാന്‍ സെറ്റില്‍ ഒരുപാട് കംഫര്‍ട്ടബിള്‍ ആയിരുന്നു. ചിത്രത്തിലെ ആക്ഷന്‍ ചെയ്യുമ്പോള്‍ ആശിഷ് എന്റെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കുന്ന രംഗമുണ്ട്. ഇത് ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ ആശിഷിനെ നോക്കി. അത് വേറെ ആരോ ആയിരുന്നു. എന്നിരുന്നാലും ഷൂട്ടിന്റെ ഇടയില്‍ ഞാന്‍ ഓക്കെ ആണോ എന്ന് ആശിഷ് എന്നോട് ചോദിക്കും. എന്റെ തലയെല്ലാം വളരെ സോഫ്റ്റായിട്ടാണ് ആശിഷ് പിടിച്ചത്. ആക്ഷന്‍ പറയുമ്പോള്‍ വില്ലനായി മാറുന്നത് വളരെ പെട്ടെന്നാണ്,’ വിസ്മയ പറഞ്ഞു.

Content Highlight: Vismaya Mohanlal talks about her experience with Ashish Joe Antony in Thudakkam Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more