| Sunday, 9th August 2026, 5:15 pm

അപ്പുവേട്ടന്‍ ഒരു സ്ഥലത്ത് എത്തിയ ശേഷമാണ് അവിടുത്തെ കാര്യങ്ങള്‍ അന്വേഷിക്കുക, ഞാനങ്ങനെയല്ല: വിസ്മയ മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലേക്ക് പുതിയ ഒരു അഭിനേത്രിയെ സമ്മാനിച്ച ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തുടക്കം. മലയാളത്തിലെ ഹിറ്റ് സംവിധായകനായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തിയതോടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രശംസയറിയിച്ച് കൊണ്ട് ഒട്ടനവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

തുടക്കം. Photo: X.com

മോഹന്‍ലാലിന്റെ മൂത്ത മകനായ പ്രണവ് മോഹന്‍ലാലിന് പിന്നാലെയാണ് വിസ്മയയും ഇപ്പോള്‍ അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ മലയാള മനോരമയുടെ ഞായറാഴ്ച്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തന്റെയും സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്റെയും യാത്രകളെ കുറിച്ച് സംസാരിക്കുകയാണ് വിസ്മയ.

‘അപ്പുച്ചേട്ടന്‍ (പ്രണവ്) ഒരു സ്ഥലത്ത് എത്തിയ ശേഷമേ അവിടത്തെ കാര്യങ്ങള്‍ അന്വേഷിക്കൂ. ഞാന്‍ കു റച്ച് പ്ലാന്‍ ചെയ്യും. സുരക്ഷിതത്വം കൂടി കൃത്യമായി നോക്കും. ഞങ്ങള്‍ ഹിമാലയത്തില്‍ ഒരുമിച്ചു പോയിട്ടുണ്ട്. എനിക്ക് തണുപ്പ് അത്ര പിടിക്കില്ല. തായ്‌ലന്‍ഡില്‍ ഞാന്‍ ഡ്രൈവ് ചെയ്യുമായിരുന്നു. ചെന്നൈയില്‍ ഒരിടത്ത് യുടേണില്‍ ഞാനോടിച്ച കാറില്‍ ഒരു വണ്ടിയിടിച്ചതോടെ ഡ്രൈവിങ് നിര്‍ത്തി,’ വിസ്മയ പറയുന്നു.

തായ്‌ലന്‍ഡിലെ ജീവിതത്തെ കുറിച്ചും ആയോധനകലയായ മൊയ്തായ് പരിശീലിച്ചതിനെ കുറിച്ചും വിസ്മയ സംസാരിച്ചു.’ ഒരു കൊച്ചുകേരളമാണ് കോ സമുയി. അവിടുത്തെ രണ്ടാമത്തെ വലിയ ദ്വീപ്. തെങ്ങുകളും വെള്ളച്ചാട്ടങ്ങളും കടുംനീല കടലും. അവിടെയാണ് എന്റെ ഒറ്റമുറി വീട്. ബോഫൂട്ട് ബീച്ചും ഫിഷര്‍മാന്‍സ് വില്ലേജും മനോഹരമാണ്. അവിടെ ഞാനൊരു ഫ്രീബേഡാണ്. കോവിഡ് കാലം മറക്കാനാവില്ല. രാത്രി നല്ല സ്ട്രീറ്റ് ഫുഡ് കിട്ടുന്ന സ്ഥലങ്ങളുണ്ട്. ടോംയാം സൂപ്പ് സൂപ്പര്‍. എരിവും പുളി യുമുള്ള ആഹാരം എനിക്കു വലിയ ഇഷ്ടമാണ്.

Photo: Instagram

തായ്ലന്‍ഡിന്റെ ആയോധനകലയായ മൊയ്തായ് നമ്മുടെ കളരി പോലെയാണ്. കൈകള്‍, കൈമുട്ട്, മുട്ടുകാല്‍ എന്നിവയാണ് ഇതില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. അതിവേഗത്തിലാണ് നീക്കങ്ങള്‍. ഒരിക്കല്‍ മൊയ്തായ് പരിശീലിക്കുന്നത് കണ്ടാണ് ഞാനും അതിലെത്തിയത്. എന്റെ കോച്ച് അയര്‍ലന്‍ഡില്‍ നിന്നും വന്ന് മൊയ്തായ് ജിം നടത്തുന്നയാളാണ്,’ വിസ്മയ പറഞ്ഞു.

Content Highlight: Vismaya Mohanlal talks about her connection with Brother Pranav Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more