മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമാണ് 2026. മറ്റ് ഇന്‍ഡസ്ട്രികളെല്ലാം പരാജയങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ ആയിരം കോടിയ്ക്ക് പുറത്താണ് ഇതിനോടകം മോളിവുഡ് ബോക്‌സ് ഓഫീസില്‍ നടന്നിരിക്കുന്ന ബിസിനസ്. ആട് 3, വാഴ 2, ദൃശ്യം 3 തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്താടുന്ന കാഴ്ച്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹച്ചത്. ഇക്കൂട്ടത്തിലേക്കാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം കടന്നുവന്നത്. മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് 2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും തുടക്കത്തിനുണ്ടായിരുന്നു.
തുടക്കം. Photo: District
ഇപ്പോഴിതാ ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ചിത്രം 23 കോടിയിലധികം നേടായതായാണ് വിശ്വസിനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 10.25 കോടിയോളം ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയപ്പോള്‍ ബാക്കി 13 കോടിയോളം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമാണ് ചിത്രം നേടിയിരിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ 2.62 കോടിയോളമാണ് ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ ഇത് 3.61 കോടിയും മൂന്നാം ദിനമായ ഞായറാഴ്ച്ച ചിത്രം 4.02 കോടിയുമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായതിനാല്‍ തന്നെ ആദ്യ ദിനങ്ങളിലെ പോസിറ്റീവ് റെസ്‌പോണ്‍സ് വരും ദിവസങ്ങളില്‍ കൂടുതല്‍ ഫാമിലി ഓഡിയന്‍സിനെ തിയേറ്ററുകളിലേക്കെത്തിക്കുമെന്നാണ് പലരും ഉറച്ച് വിശ്വസിക്കുന്നത്. ലോകേഷ് കനകരാജ് നായകനായെത്തി അപ്രതീക്ഷിതമായ വമ്പന്‍ പ്രതികരണം ലഭിച്ച ഡി.സിയാണ് തുടക്കത്തിന് ഭീഷണിയുയര്‍ത്തുന്നത്. ദിനംപ്രതി കേരളത്തിലടക്കം തിയേറ്ററുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് ഡി.സി മുന്നേറുന്നത്.
തുടക്കം. Photo: The Hindu
അതേസമയം ആഗസ്റ്റ് 20 വരെ മലയാള ചിത്രങ്ങളുടെ ഭാഗത്ത് നിന്നും കാര്യമായ ഭീഷണികളൊന്നും തന്നെ തുടക്കത്തിന് നേരിടാനില്ല. ഇത് ഒരു മികച്ച ഫൈനല്‍ കളക്ഷനിലേക്കെത്താനുള്ള എല്ലാ സാധ്യതകളും തുടക്കത്തിന് തുറന്ന് നല്‍കുന്നുണ്ട്. വിസ്മയക്ക് പുറമെ നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായി കുമാര്‍, മനോജ്. കെ ജയന്‍, ഗണേശ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
Content Highlight: Vismaya Mohanlal starring Thudakkam gets massive collection from Box office