വിസ്മയ മോഹന്‍ലാലിന്റെ സിനിമാലോകത്തേക്കുള്ള തുടക്കത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. താരകുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് വെറുതെയാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ഓണം റിലീസുകള്‍ക്ക് മുമ്പ് ഓഗസ്റ്റ് ഏഴിന് തുടക്കം തിയേറ്ററുകളിലെത്തും.
ക്യാമറക്ക് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ എല്ലാ ടെന്‍ഷനും തനിക്ക് ഉണ്ടായിരുന്നെന്ന് വിസ്മയ പറയുന്നു. ഷൂട്ടിന്റെ തലേദിവസം തനിക്ക് ശരിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും ആദ്യ ടേക്ക് തന്നെ ഓക്കെയാക്കാന്‍ കഴിഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷൂട്ട് തുടങ്ങുന്നതിന് ഒരുമാസം മുമ്പ് ജൂഡ് ആന്തണി തനിക്ക് സ്‌ക്രിപ്റ്റ് തന്നത് ഗുണകരമായന്നും വിസ്മയ പറയുന്നു.
വിസ്മയ Photo: Screen Grab/ Galatta Plus
ചിത്രത്തില്‍ തനിക്ക് ഏറ്റവും വെല്ലുവിളിയായത് മലയാളം ഡയലോഗുകളായിരുന്നെന്നും തനിക്ക് മലയാളം അത്ര നന്നായി സംസാരിക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. സ്‌ക്രിപ്റ്റ് ആദ്യമേ കിട്ടിയതുകൊണ്ട് ഡയലോഗുകള്‍ മനപാഠം ചെയ്‌തെന്നും ഇടക്ക് അതില്‍ മാറ്റം വരുത്തുമ്പോള്‍ ബുദ്ധിമുട്ടായെന്നും പറയുകയാണ് വിസ്മയ. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഇതിന്റെ ഷൂട്ടിനിടയില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമുണ്ടായിരുന്നു. ഷൂട്ട് ചെയ്യുന്നതിനിടയില്‍ ഒരു ഡയലോഗില്‍ ജൂഡ് സാര്‍ മാറ്റമുണ്ടെന്ന് പറഞ്ഞു. ആ ഡയലോഗിന് പകരം വേറൊന്ന് പറയാന്‍ ആവശ്യപ്പെട്ടു. എനിക്കാണെങ്കില്‍ അത് ശരിയായി പറയാന്‍ പറ്റില്ലായിരുന്നു. ജോമോന്‍ ചേട്ടനും (ജോമോന്‍ ടി ജോണ്‍) ടീമും അവരുടെ ഷോള്‍ഡറില്‍ ക്യാമറ വെച്ചിട്ടാണ് ഈ സീന്‍ എടുക്കുന്നത്. ആ ക്യാമറക്ക് നല്ല ഭാരമുണ്ടായിരുന്നു.
ഒരുപാട് തവണ പറഞ്ഞിട്ടും ആ ഡയലോഗ് ശരിയായില്ല. അവസാനം ശരിയാകുന്നതുവരെ അവര്‍ എനിക്ക് വേണ്ടി കോ ഓപ്പറേറ്റ് ചെയ്തു. അതുപോലെ എന്റെ കോ സ്റ്റാറായിട്ടുള്ള ആശിഷ്, എന്റെയും അവന്റെയും ഫസ്റ്റ് സിനിമയാണിത്. എമ്പുരാനില്‍ ഒരൊറ്റ ഷോട്ടില്‍ ഉണ്ടെങ്കിലും ത്രൂ ഔട്ട് റോള്‍ ചെയ്യുന്നത് ഇതിലാണ്. പരസ്പരം ഓരോന്ന് ഡിസ്‌കസ് ചെയ്താണ് ഞങ്ങള്‍ സിനിമ കംപ്ലീറ്റാക്കിയത്,’ വിസ്മയ മോഹന്‍ലാല്‍ പറഞ്ഞു.
2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. വിസ്മയക്ക് പുറമെ സായ് കുമാര്‍, മനോജ് കെ. ജയന്‍, ബോബി കുര്യന്‍, ജാഫര്‍ ഇടുക്കി, ടി.ജി. രവി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എക്‌സ്റ്റന്‍ഡഡ് കാമിയോയായി മോഹന്‍ലാലും എത്തുന്നതോടെ ഹൈപ്പ് ഇരട്ടിയായിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
Content Highlight: Vismaya Mohanlal shares the shooting experience of Thudakkam movie