| Sunday, 2nd August 2026, 12:28 pm

എന്നെ നായികയാക്കി അപ്പുച്ചേട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ, കുട്ടിക്കാലത്തെ തമാശയായിരുന്നു അത്: വിസ്മയ മോഹന്‍ലാല്‍

അമര്‍നാഥ് എം.

സ്റ്റാര്‍ ഫാമിലിയില്‍ നിന്നുള്ള പുതിയ എന്‍ട്രിയാണ് വിസ്മയ മോഹന്‍ലാല്‍. മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി നായികയാകുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാത്ത പോസ്റ്ററുകളാണ് പുറത്തുവരുന്നത്.

സിനിമയിലഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ക്കേ തനിക്ക് ഉണ്ടായിരുന്നെന്ന് പറയുകയാണ് വിസ്മയ. എന്നാല്‍ അന്ന് അത്ര സീരിയസായ ആഗ്രഹം അല്ലാത്തതുകൊണ്ട് ആരോടും പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു. ആ ആഗ്രഹം സീരിയസാണെന്ന് തനിക്ക് തന്നെ ഉറപ്പ് വേണമായിരുന്നെന്നും അതിനാല്‍ കാത്തുനിന്നെന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തിന് മുമ്പ് കുട്ടിക്കാലത്ത് ചെയ്ത ഒരു തമാശ ചിത്രത്തെക്കുറിച്ചും വിസ്മയ സംസാരിച്ചു. ആംഗ്രി മായ എന്ന പേരിട്ട ഷോര്‍ട്ട് ഫിലിം ചെറുപ്പത്തിലെ തമാശയായിരുന്നെന്നും അമ്മയുടെ ഐഡിയയായിരുന്നു അതെന്നും വിസ്മയ പറഞ്ഞു. ഇന്ന് അത് നല്ല രസമുള്ള ഓര്‍മയാണെന്നും താരം പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു വിസ്മയ.

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെയും അപ്പുച്ചേട്ടന്റെയും തമാശയായിരുന്നു ആംഗ്രി മായ. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ ഏറ്റവും ദേഷ്യപ്പെടുന്നത് ഞാനായിരുന്നെന്നാണ് അമ്മ പറയാറുള്ളത്. അങ്ങനെ ദേഷ്യക്കാരിയായ എന്നെ നായികയാക്കി അപ്പുച്ചേട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു ആംഗ്രി മായ. ക്യാമറക്ക് പിന്നില്‍ അമ്മയും.

അന്ന് ഒരു മൂവി ക്യാമറ വീട്ടിലുണ്ടായിരുന്നു. അതിലാണ് ഷൂട്ട് ചെയ്തത്. അപ്പുച്ചേട്ടനും അതില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. കുട്ടിക്കാലത്തെ കുസൃതി മാത്രമായിരുന്നു അത്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അന്നൊന്നും ഞാനോ അപ്പുച്ചേട്ടനോ സിനിമയിലേക്ക് വരുമെന്ന് അച്ഛനും അമ്മയും ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല,’ വിസ്മയ മോഹന്‍ലാല്‍ പറയുന്നു.

2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സായ്കുമാര്‍, മനോജ് കെ. ജയന്‍, ബോബി കുര്യന്‍, ജയ കുറുപ്പ്, ചിപ്പി തുടങ്ങിയവരും തുടക്കത്തില്‍ അണിനിരക്കുന്നു.

Content Highlight: Vismaya Mohanlal shares childhood experience with Pranav Mohanlal

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more