| Tuesday, 21st July 2026, 4:10 pm

രാജ്യത്തെ പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് വിസ്മയ മോഹന്‍ലാല്‍

അമര്‍നാഥ് എം.

ദല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടിയും മോഹന്‍ലാലിന്റെ മകളുമായ വിസ്മയ. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വിസ്മയ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിക്കുകയും കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്തും രംഗത്തെത്തിയത്. വില്‍ മേക്ക് ഇറ്റ് എസ്.കെ എന്ന പേജിന്റെ പോസ്റ്റാണ് വിസ്മയ പങ്കുവെച്ചത്.

സമരക്കാരെ അടിച്ചമര്‍ത്തിയ കേന്ദ്ര സേനയെയും അതിനെ പിന്തുണക്കുന്നവരെ ചോദ്യം ചെയ്യുന്ന വരികളാണ് പോസ്റ്റിലുള്ളത്. പാര്‍ലമെന്റിലേക്ക് ജാഥ നടത്തിയ സി.ജെ.പി അനുകൂലികളെ കേന്ദ്ര സേനയും ദല്‍ഹി പൊലീസും ചേര്‍ന്ന് അടിച്ചമര്‍ത്തിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇതിനെയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്തത്.

‘ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ്, വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, റോഡുകള്‍ ബ്ലോക്ക് ചെയ്തു. മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. നഗരം മുഴവന്‍ ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് നിരോധനം.

സമരക്കാരെ നിങ്ങള്‍ അനുകൂലിക്കേണ്ട ആവശ്യമില്ല, അവരുടെ ആവശ്യങ്ങളെ പിന്തുണക്കേണ്ടതില്ല, അവരുടെ കൂടെ നില്‍ക്കുന്ന സംഘടനകളെ അംഗീകരിക്കേണ്ട ആവശ്യവുമില്ല. പക്ഷേ, പൗരന്മാരുടെ ചോദ്യത്തിനും അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തിനും നേരെ ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുമ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്തുകയും ഇത് ഏത് തരത്തിലുള്ള ജനാധിപത്യമാണെന്ന് ചോദിക്കുകയും വേണം. എന്താണെന്ന് വെച്ചാല്‍ നാളെ നിങ്ങള്‍ പറയുന്നതും അവര്‍ക്ക് കേള്‍ക്കേണ്ട അവസ്ഥ വരും.

നിങ്ങളല്ലെങ്കില്‍ നിങ്ങളുടെ കുടുംബമോ അയല്‍ക്കാരോ, നാട്ടുകാരോ ആയിരിക്കും ചോദ്യം ചോദിക്കുന്നവരായി ഉണ്ടാവുക. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങള്‍ വിചാരിച്ചു വെച്ചിട്ടുള്ളത്,’ എന്നാണ് വിസ്മയ പങ്കുവെച്ച പോസ്റ്റിലുള്ളത്.

നീറ്റ്, സി.ബി.എസ്.ഇ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച് ജനതാ പാര്‍ട്ടി കഴിഞ്ഞ ഒരുമാസമായി ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ സോനം വാങ്ചുക് സി.ജെ.പിക്ക് പിന്തുണയറിയിച്ച് നിരാഹരം അനുഷ്ഠിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. പിന്നാലെ പാര്‍ലമെന്റിലേക്ക് സി.ജെ.പി റാലി നടത്തുകയും കേന്ദ്ര സേനകള്‍ സമരത്തെ അടിച്ചമര്‍ത്തുകയും ചെയ്യുകയായിരുന്നു.

Content Highlight: Vismaya Mohanlal shares a story that she supports CJP protest

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more