| Sunday, 9th August 2026, 10:06 am

മലയാളം എനിക്ക് നന്നായി വഴങ്ങും, ഊട്ടിയില്‍ പഠിച്ചത് കൊണ്ടുള്ള ബുദ്ധിമുട്ടാണ്: വിസ്മയ മോഹന്‍ലാല്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ന് മലയാള സിനിമാ മേഖലയിലെ വലിയ ചര്‍ച്ചാ വിഷയമാണ് വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തുടക്കവുമായി ബന്ധപ്പെട്ടായിരുന്നു താരം ചര്‍ച്ചകളില്‍  നിറഞ്ഞത്. വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയതോടെ വമ്പന്‍ സ്വീകാര്യതയാണ് വിസ്മയയുടെ തുടക്കത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

വിസ്മയ മോഹന്‍ലാല്‍. Photo: X.com

എന്നാല്‍ റിലീസിന് മുമ്പ് ചിത്രവുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരത്തിനെതിരെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ സൈബര്‍ അറ്റാക്ക് അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് വന്ന തുടക്കത്തിന്റെ അഭിമുഖങ്ങളില്‍ താരത്തിന് മലയാളം പറയാന്‍ അറിയില്ലെന്നതിന്റെ പേരിലും വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ സിനിമയിലെ തന്റെ പെര്‍ഫോമന്‍സിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് വിസ്മയ മറുപടി നല്‍കിയത്.

ഇപ്പോഴിതാ മനോരമ ഞായറാഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മലയാളം വഴങ്ങുമെന്നും ഊട്ടിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനാല്‍ മലയാളികള്‍ പറയുന്നത് പോലെ പറയാന്‍ സാധിക്കാത്തതാണെന്നും പറയുകയാണ് താരം.

‘മലയാളം എനിക്ക് നന്നായി വഴങ്ങും. എന്നാല്‍ ഊട്ടിയില്‍ പഠിച്ചതിനാല്‍ മലയാളികള്‍ പറയുന്നത് പോലെ പറയാന്‍ കഴിയില്ലെന്നേ ഉള്ളൂ. മംഗ്ലീഷിലാണ് തിരക്കഥ തന്നത്. അതെനിക്ക് എളുപ്പം മനസിലാക്കാനായി. കഥ വളരെ വിശദമായി ജൂഡേട്ടന്‍ പറഞ്ഞുതന്നു.

Photo: The Indian Express

അപ്പുചേട്ടന്‍ ഊട്ടിയില്‍ പഠിച്ചതുകൊണ്ടാണ് എനിക്കും അവിടെ പഠിക്കണമെന്ന ആഗ്രഹം തോന്നിയത്. എട്ടാം വയസില്‍ മൂന്നാം ക്ലാസിലാണ് അവിടെ ചേര്‍ന്നത്. എന്നെ ഹോസ്റ്റലില്‍ വിട്ട് അമ്മ തിരിച്ച് പോരാന്‍ തുടങ്ങിയപ്പോള്‍ തന്നെ എന്റെ മട്ടുമാറിയിരുന്നു. എന്നെയും കൊണ്ട് പോകാന്‍ അമ്മയുടെ കാലില്‍ കെട്ടിപിടിച്ച് കരഞ്ഞു. ആ കരച്ചില്‍ കാരണം ഞാന്‍ ഒറ്റ ദിവസം കൊണ്ട് സ്‌കൂളില്‍ ഫേമസായി. എന്റെ ഭാഷയില്‍ വായനയില്‍, പ്രകൃതിയോടുള്ള ഇഷ്ടത്തില്‍ എല്ലാം മാറ്റങ്ങള്‍ വരുത്തിയത് ഊ ട്ടിയിലെ പഠനമാണ്,’ വിസ്മയ പറഞ്ഞു.

Content Highlight: Vismaya Mohanlal says that she can speak Malayalam very well

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more