| Thursday, 30th October 2025, 11:22 am

ടീം മൊത്തം ഡബിള്‍ സ്‌ട്രോങ്, വിസ്മയയുടെ 'തുടക്കം' ഗംഭീരമാക്കാന്‍ മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തുടക്കത്തിന്റെ പൂജക്ക് പിന്നാലെ ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിനെ പുറത്തുവിട്ടിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധായകനാകുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മിക്കുന്നത്.

ജോമോന്‍ ടി. ജോണാണ് തുടക്കത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഈ വര്‍ഷം തൊട്ടതെല്ലാം പൊന്നാക്കിയ ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. ഇത് ആദ്യമായാണ് ജേക്‌സും ജോമോനും ആശീര്‍വാദുമായി കൈകോര്‍ക്കുന്നത്. ലോകഃ, 2018 എന്നീ ചിത്രങ്ങളിലൂടെ എഡിറ്റിങ് ലോകത്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ ചമന്‍ ചാക്കോയാണ് തുടക്കത്തിന്റെ എഡിറ്റര്‍.

ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ യാനിക് ബെന്നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ചൈനീസ് തായ്‌പേയ് പരിശീലിക്കുന്ന വിസ്മയ സിനിമയിലെ ‘തുടക്കം’ ഗംഭീരമാക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിനായി പ്രത്യേക പരിശീലനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ക്യാമറക്ക് പിന്നില്‍ ഡബിള്‍ സ്‌ട്രോങ്ങായിട്ടുള്ള ടീം അണിനിരക്കുമ്പോള്‍ ക്യാമറക്ക് മുന്നില്‍ അതിശക്തനായ മറ്റൊരാളുടെ സാന്നിധ്യവുമുണ്ട്. മകളുടെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ദിവസത്തെ ഡേറ്റാണ് തുടക്കത്തിനായി മോഹന്‍ലാല്‍ നല്കിയിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും തുടക്കത്തില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട്. എമ്പുരാനില്‍ ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ആശിഷ് സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടക്കത്തില്‍ മുഴുനീള വേഷം ചെയ്തുകൊണ്ട് സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിക്കാന്‍ ആശിഷിന് സാധിക്കുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 2026 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. മോഹന്‍ലാല്‍ കുടുംബത്തില്‍ നിന്ന് വീണ്ടുമൊരാള്‍ സിനിമാലോകത്തേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Vismaya Mohanlal’s Thudakkam movie crew list out

We use cookies to give you the best possible experience. Learn more