മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബത്തിലെ അംഗമായ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രമാണ് തുടക്കം. ഒരു പുതുമുഖനായികക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അരങ്ങേറ്റമാണ് വിസ്മയയുടേത്. ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ സംവിധായകന്‍, സ്റ്റേറ്റ് അവാര്‍ഡ് നേടിയ ക്യാമറമാന്‍, മോളിവുഡിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനും എഡിറ്ററും, മലയാളത്തിലെ നമ്പര്‍ വണ്‍ പ്രൊഡക്ഷന്‍ കമ്പനി എന്നിങ്ങനെ ഒരു സ്വപ്‌നതുല്യമായ ‘തുടക്കം’ തന്നെ വിസ്മയക്ക് ലഭിച്ചിട്ടുണ്ട്.
തുടക്കം Photo: Theatrical poster
ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റുകളില്‍ കണ്ട സ്‌റ്റേജ് ഫിയറുള്ള, അധികം സംസാരിക്കാത്ത വിസ്മയയെല്ല സ്‌ക്രീനില്‍ കണ്ടത്. ഒരു ‘തുടക്ക’ക്കാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ മികച്ച രീതിയില്‍ തന്റെ കഥാപാത്രത്തെ വിസ്മയ പകര്‍ന്നാടി. വളരെയധികം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് തുടക്കം സംസാരിക്കുന്നത്. അതിനെ അത്യാവശ്യം നല്ല രീതിയില്‍ തന്നെ സംവിധായകന്‍ ജൂഡ് ആന്തണി ഒരുക്കിയിട്ടുണ്ട്.
ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിലേക്ക് ട്രാന്‍സ്ഫറായി വരുന്ന വില്ലേജ് ഓഫീസര്‍ രവിയെയും മകള്‍ മീനുവിനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ട, കാല് തളര്‍ന്ന അച്ഛനെ പരിപാലിക്കുന്ന മീനുവിന്റെ ജീവിതത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെ അവള്‍ നേരിടുന്നതുമാണ് സിനിമയുടെ കഥ.
തുടക്കം Photo: Screen grab/ Aashirvad Cinemas
ഫാമിലി ഡ്രാമയായി തുടങ്ങി കുറച്ച് മിസ്റ്ററിയിലൂടെ മുന്നോട്ട് നീങ്ങുന്ന കഥ രണ്ടാം പകുതിയില്‍ ആക്ഷന്‍ ത്രില്ലറിലേക്ക് വഴിമാറുന്നുണ്ട്. ആക്ഷന്‍ സീനുകള്‍ കുത്തിനിറക്കാതെ, ‘ഇവിടെ ഇപ്പോള്‍ അടിപൊട്ടിയാല്‍ നന്നാകും’ എന്ന് ചിന്തിക്കുന്നിടത്ത് കൃത്യമായി പ്ലെയ്‌സ് ചെയ്ത ആക്ഷന്‍ ബ്ലോക്കുകളാണ് തുടക്കത്തിന്റെ പോസിറ്റീവ്. അവിടവിടായി വരുന്ന ചില ക്രിഞ്ച് സീനുകള്‍ മാറ്റിനിര്‍ത്തിയാല്‍ വാച്ചബിളായിട്ടുള്ള സിനിമാനുഭവമാണ് തുടക്കം.
വിസ്മയ Photo: Screen grab/ Aashirvad Cinemas
അഭിനയത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ വിസ്മയ തന്നെ ഏല്പിച്ച ജോലി ഭംഗിയായി ചെയ്തു. ഇമോഷണല്‍ സീനുകളിലും ആക്ഷന്‍ സീനുകളിലും ഒരുപോലെ തിളങ്ങുക എന്നത് നായികമാര്‍ക്ക് വളരെ അപൂര്‍വമായി ലഭിക്കുന്ന അവസരമാണ്. ഈ സിനിമയില്‍ അക്കാര്യം വിസ്മയയില്‍ ഭദ്രമായിരുന്നു. വിസ്മയക്ക് ശബ്ദം നല്‍കിയ ആദിത്യലക്ഷ്മിയും പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്.
അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമയുടെ ഓരോ അപ്‌ഡേറ്റിലും നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരാളായിരുന്നു ആശിഷ് ജോ ആന്റണി. എമ്പുരാനിലൂടെ സിനിമാലോകത്ത് അരങ്ങേറിയെങ്കിലും കരിയറിലെ ആദ്യത്തെ മുഴുനീളവേഷം ഗംഭീരമാക്കി. ചിത്രത്തിന്റെ ആദ്യസീനില്‍ തന്നെ എത്രമാത്രം ടെറര്‍ വില്ലനാണ് ആശിഷിന്റേതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.
പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത, ലഹരിയോടും സ്ത്രീകളോടും ആസക്തിയുള്ള സൈക്കോപ്പാത്തായി ആശിഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. സാധാരണ സിനിമകളിലേത് പോലെ വില്ലന്റെ കദനകഥ ഇതില്‍ കാണിക്കാത്തതിന് തിരക്കഥാകൃത്തിനും സംവിധായകനും പ്രത്യേക കൈയടി.
സായ് കുമാര്‍, മനോജ് കെ. ജയന്‍ എന്നിവര്‍ക്ക് ടെയ്‌ലര്‍ മേഡ് റോളായിരുന്നു. ഇടക്കിടെ വന്നുപോകുന്ന ബോബി കുര്യനും തന്റെ ഭാഗം മികച്ചതാക്കി. ഡീയസ് ഈറേയില്‍ പ്രണവിനെ രക്ഷിച്ച ജിബിന്‍ ഗോപിനാഥ് ഇത്തവണ വിസ്മയക്ക് തലവേദന നല്‍കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചെറിയ സ്‌ക്രീന്‍ സ്‌പെയ്‌സില്‍ തന്റെ റോളും ജിബിന്‍ നന്നാക്കി.
മകളുടെ ആദ്യസിനിമയില്‍ ചെറിയ സാന്നിധ്യമായി മോഹന്‍ലാല്‍ വന്നത് തിയേറ്ററുകളെ ഇളക്കിമറിച്ചു. സിമ്പിള്‍ ഇന്‍ട്രോയും അത് കഴിഞ്ഞുള്ള അതിമനോഹരമായ ഡയലോഗും കൂടിയായപ്പോള്‍ മകളുടെ സിനിമ അച്ഛന്‍ തൂക്കിയെന്ന് തന്നെ പറയാം.
ടെക്‌നിക്കല്‍ സൈഡിലെ എല്ലാവരും അറിഞ്ഞ് പണിയെടുത്തിട്ടുണ്ട്. ജേക്‌സ് ബിജോയ്‌യുടെ പേര് അതില്‍ എടുത്തുപറയണം. രണ്ടാം പകുതിയില്‍ കൈയടി ഉയരുമ്പോഴെല്ലാം ജേക്‌സ് തന്റെ ബി.ജി.എം കൊണ്ട് സിനിമയെ അപ്‌ലിഫ്റ്റ് ചെയ്യുകയായിരുന്നു. ചമന്‍ ചാക്കോയും തന്റെ പണി വെടിപ്പായി ചെയ്തു. ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ട്രാന്‍സിഷന്‍ ഷോട്ട് ഗംഭീരമായിരുന്നു.
യാനിക് ബെന്നും സ്റ്റണ്ട് സില്‍വയും ചേര്‍ന്ന് ഒരുക്കിയ ആക്ഷന്‍ പീസുകള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. ഓവര്‍ ദി ടോപ് പരിപാടി പിടിക്കാതെ ഗ്രൗണ്ടഡായിട്ടുള്ള, മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ രീതിയിലുള്ള ഫൈറ്റ് സീനുകള്‍ കൈയടി നേടി.
മൊത്തത്തില്‍ സിനിമാലോകത്തേക്കുള്ള മികച്ച തുടക്കമാണ് ആശിഷും വിസ്മയയും നടത്തിയത്. ഇരുവര്‍ക്കും സപ്പോര്‍ട്ടായി മൈറ്റി L നടത്തിയ അതിഥിവേഷം കൂടിയായപ്പോള്‍ മികച്ച സിനിമാനുഭവമായി തുടക്കം മാറി.
Content Highlight: Vismaya Mohanlal’s Thudakakam movie review