| Tuesday, 20th January 2026, 10:17 pm

പ്രായമായാല്‍ കെട്ടിച്ചയക്കണം, എന്തൊരു കരുതലാണ് അമ്മാവന്; ചിരി പടര്‍ത്തി വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' പോസ്റ്ററിന് താഴെയുള്ള കമന്റ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍ണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് ചിത്രമായ 2018 ന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ആണ്.

സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരുന്നു. ചിത്രത്തിന്റെതായി പുറത്തുവന്ന രണ്ട് പോസ്റ്ററുകളിലും മോഹന്‍ലാലിന്റെ സാന്നിധ്യം പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഒറ്റനോട്ടത്തില്‍ വ്യക്തമാകാത്ത രീതിയിലാണ് രണ്ട് പോസ്റ്ററിലും മോഹന്‍ലാലിനെ പ്ലേസ് ചെയ്തിരിക്കുന്നത്. വിസ്മയെയും വില്ലനെന്ന് തോന്നിക്കുന്ന കഥാപാത്രത്തെയും ഹൈലൈറ്റ് ചെയ്യുമ്പോള്‍ തിരിഞ്ഞ് നില്‍ക്കുന്ന മോഹല്‍ലാലിനെ സില്‍ഹൗട്ടില്‍ പുതിയ പോസ്റ്ററില്‍ കാണാന്‍ സാധിക്കും.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫേസ്ബുക്കിലെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. പോസ്റ്റ് പങ്ക് വെച്ച് മിനുട്ടുകള്‍ക്കകം തന്നെ മോഹന്‍ലാലിനെ ഉപദേശിച്ച് കൊണ്ടാണ് ഒരു മധ്യവയസ്‌കന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും കമന്റ് പ്രത്യക്ഷപ്പെട്ടത്.

‘ഞാന്‍ ഇതിന് സപ്പോര്‍ട്ട് ചെയ്യില്ല, മക്കളുടെ വിവാഹങ്ങള്‍ യഥാസമയം നടത്തിവിടുന്നതാണ് നല്ല കാര്യം, സിനിമയില്‍ കൊണ്ടുവരുന്നത് അല്ല നല്ല കാര്യം’എന്നാണ് മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് ഇദ്ദേഹം കമന്റിട്ടിരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട കമന്റിന് താഴെ പരിഹാസവുമായി പലരും എത്തിയിട്ടുണ്ട്. കാലം മാറിയതറിഞ്ഞില്ലേയെന്നും വിവാഹം കഴിപ്പിക്കാനും വീട്ടുജോലി ചെയ്യിക്കാനും മാത്രമുള്ളയാളല്ല സ്തീകളെന്നും കമന്റിന് മറുപടി നല്‍കിയവരുണ്ട്.

Photo: Mohan Lal/ Facebook.com

മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിസ്മയ പ്രവര്‍ത്തിച്ചിരുന്നു. ചിത്രകാരിയും കവിയത്രിയുമായ വിസ്മയയുടെ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ വായനക്കാര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്ടായ മുവായ് തായ് പരിശീലിച്ച വിസ്മയയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Vismaya Mohanlal’s New movie Thudakkam poster shared by Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more