മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ തുടക്കം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ വിസ്മയയുടെ ആക്ഷൻ രംഗങ്ങൾ അടക്കമുള്ള പ്രകടനത്തിനും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വനിത ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് വിസ്മയ.
കുട്ടിക്കാലത്ത് ദേഷ്യക്കാരിയായ തന്നെ പ്രധാന കഥാപാത്രമാക്കി പ്രണവ് മോഹൻലാൽ വീട്ടിലുണ്ടായിരുന്ന മൂവി ക്യാമറയിൽ ഷൂട്ട് ചെയ്ത ചിത്രത്തിലാണ് താൻ ആദ്യമായി അഭിനയിച്ചതെന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് വിസ്മയ മോഹൻലാൽ.
വിസ്മയ മോഹൻലാൽ. Photo. Screen grab/ Youtube
‘സ്‌കൂളിൽ പഠിക്കുമ്പോൾ വേനലവധിക്കാലത്ത് എന്റെയും അപ്പുച്ചേട്ടന്റെയും ഒരു തമാശയായിരുന്നു ആംഗ്രി മായ. കുട്ടിയായിരിക്കുമ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ ദേഷ്യപ്പെടുന്നത് ഞാനാണെന്നാണ് അമ്മ പറയാറുള്ളത്. അങ്ങനെ ദേഷ്യക്കാരിയായ എന്നെ കഥാപാത്രമാക്കി അപ്പുച്ചേട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആംഗ്രി മായ. അമ്മയായിരുന്നു ക്യാമറയ്ക്ക് പിന്നിൽ.
വീട്ടിലൊരു മൂവി ക്യാമറയുണ്ടായിരുന്നു, അതിലാണ് അത് ഷൂട്ട് ചെയ്തത്. അപ്പുച്ചേട്ടൻ അതിൽ അഭിനയിച്ചിട്ടുമുണ്ട്. കുട്ടിക്കാലത്തെ കുസൃതി, അത്രയേയുള്ളൂ അത്. അന്നൊന്നും ഞങ്ങൾ സിനിമയിലേക്ക് വരുമെന്ന് അച്ഛനും അമ്മയും ഓർത്തിട്ടുപോലുമുണ്ടാവില്ല,’ വിസ്മയ ഓർത്തെടുത്തു.
സിനിമയിൽ തുടരുമോ അതോ പ്രണവിനെപ്പോലെ ഇടയ്ക്ക് വന്നുപോവുകയാണോ ചെയ്യുക എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
‘ഒന്നും പ്ലാൻ ചെയ്യാതെ മുന്നോട്ടു പോകുന്ന ആളാണ് ഞാൻ. പഠനവും കരിയറുമൊന്നും മുൻകൂട്ടി ആലോചിച്ച് തീരുമാനിച്ചിട്ടില്ല. പ്ലസ് ടു കഴിഞ്ഞ് എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു കോഴ്‌സുകൾ ചെയ്തു. ആർട്ട് സ്‌കൂളിലേക്ക് പോയി, കണ്ടംപററി ഡാൻസ് കോഴ്‌സ് പൂർത്തിയാക്കി, ആയോധനകല പഠിച്ചു. ഇങ്ങനെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നു.
എന്നാൽ അഭിനയം തുടരണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ആദ്യ സിനിമ നൽകിയ സന്തോഷം ആസ്വദിക്കുകയാണ്. വലിയ ഭാരങ്ങളൊന്നുമില്ലാതെ, ചെയ്യുന്ന കാര്യം ഒരുപാട് സന്തോഷത്തോടെ ചെയ്യുക. അങ്ങനെ ഒഴുകിപ്പോവണം, അതാണ് മനസിൽ,’ വിസ്മയ പറഞ്ഞു.
വിസ്മയ. പ്രണവ്. Photo. Facebook