| Sunday, 16th August 2026, 8:00 am

'മോഹൻലാലിന്റെ മകൾക്ക് സ്റ്റേജ് ഫിയർ ഉണ്ടാകരുതെന്നുണ്ടോ'; പ്രമോഷൻ പരിപാടികളിലെ ട്രോളിങ്ങിനെക്കുറിച്ച് വിസ്മയ

അജ്മല്‍ കെ

‘തുടക്കം’ സിനിമയുടെ പ്രമോഷൻ പരിപാടികളിലെ അനുഭവങ്ങളും സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിനെക്കുറിച്ചും തുറന്നുപറഞ്ഞ് വിസ്മയ മോഹൻലാൽ. ആദ്യ സിനിമയുടെ ട്രെയിലർ ലോഞ്ച്, പ്രസ് മീറ്റ്, പ്രമോഷൻ പരിപാടികൾ തുടങ്ങിയവയെല്ലാം തനിക്ക് പുതിയ അനുഭവങ്ങളായിരുന്നുവെന്നും അത്തരം വേദികളിൽ സംസാരിക്കുമ്പോൾ താൻ നേരിട്ട സമ്മർദത്തെക്കുറിച്ചും വിസ്മയ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിസ്മയ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘ട്രെയിലർ ലോഞ്ച്, പ്രസ് മീറ്റ്, നീട്ടിപ്പിടിച്ച മൈക്കുകൾ, മിന്നിച്ചിരിക്കുന്ന ക്യാമറക്കണ്ണുകൾ… എല്ലാം പുതിയ അനുഭവങ്ങളായിരുന്നു.
അതിശയത്തോടെ ഞാനവയെല്ലാം നോക്കിക്കണ്ടു. ഉള്ളിലെ പേടിയും ചങ്കിടിപ്പും പുറത്തുകാണിക്കാതിരിക്കാൻ നന്നേ പാടുപെട്ടു. ചുമ്മാ ചിരിച്ചും ഇളകിയാടിയും പരിഭ്രമം പുറത്തുകാണിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു,’ വിസ്മയ പറഞ്ഞു.

വിസ്മയ.Photo. Screengrab/ Youtube.com

എന്നാൽ പ്രമോഷൻ പരിപാടികൾക്കിടെ സംഭവിച്ച ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായെന്നും വിസ്മയ പറയുന്നു. ‘എവിടെയോ ചെറുതായൊന്ന് പാളിപ്പോയി, സോഷ്യൽ മീഡിയ എന്നെ ട്രോളി. നിങ്ങൾ പലരും പ്രതീക്ഷിച്ചൊരു പെർഫോമൻസ് അല്ല എന്നിൽനിന്നുണ്ടായതെന്ന് ഞാൻ മനസ്സിലാക്കുന്നു,’ വിസ്മയ പറഞ്ഞു.

മുൻകൂട്ടി തയ്യാറാക്കിയ കാര്യങ്ങളുമായല്ല താൻ പ്രമോഷൻ വേദികളിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കി. ‘കൈയടി നേടാൻ പാകത്തിലുള്ള ഡയലോഗുകളൊന്നും കരുതിയിരുന്നില്ല. ആൾക്കൂട്ടത്തെ ആദ്യമായി അഭിമുഖീകരിച്ച് മലയാളത്തിൽ സംസാരിക്കേണ്ടിവന്നപ്പോൾ, ചോദ്യങ്ങൾക്ക് പെട്ടെന്ന് പെട്ടെന്ന് ഉത്തരം പറയേണ്ടിവന്നപ്പോൾ ശബ്ദമിടറി. ഞാനാകെ നെർവസായി. ഇതൊന്നും മുൻപരിചയമില്ലാത്ത കാര്യങ്ങളായിരുന്നു, ‘ വിസ്മയ പറഞ്ഞു.

സിനിമയുടെ പ്രമോഷൻ സ്റ്റേജുകൾ ഒഴിവാക്കാനായിരുന്നു തനിക്ക് ആഗ്രഹമെന്നും എന്നാൽ പുതിയൊരു അനുഭവമായി അതിനെ നേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിസ്മയ പറയുന്നു. ആൾക്കൂട്ടത്തിന് മുന്നിൽ സംസാരിക്കുമ്പോഴുള്ള പേടി സ്വാഭാവികമാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.

‘ഇതെന്റെ തുടക്കമല്ലേ. മോഹൻലാലിന്റെ മകൾക്ക് സ്റ്റേജ് ഫിയർ ഉണ്ടാകരുതെന്നുണ്ടോ’ എന്നാണ് വിസ്മയ ചോദിക്കുന്നത്.

വിസ്മയ.Photo. Screengrab/ Mathrubhumi News/ Youtube.com

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിസ്മയയുടെ ആദ്യ ചിത്രമായ ‘തുടക്കം’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Content Highlight: Vismaya Mohanlal opens up about the trolling she faced during the promotions of her debut film Thudakkam

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more