മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’. സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആക്ഷൻ സീക്വൻസുകളാണന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ വിസ്മയ മോഹൻലാൽ. ‘തുടക്കം’ സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഏറെ ആസ്വദിച്ചെന്നും അവയ്ക്കായുള്ള കൊറിയോഗ്രഫികൾ പഠിക്കുന്നത് ഇഷ്ടപ്പെട്ടെന്നും വിസ്മയ പറഞ്ഞു.
‘സിനിമയിലെ എന്റെ ഫേവറൈറ്റ് ഭാഗം ആക്ഷൻ സീക്വൻസുകളാണ്. കാരണം അത് കുറച്ച് വ്യത്യസ്തമാണ്. നമ്മൾ മുഴുവൻ ശക്തിയും ഉപയോഗിച്ചല്ല ഫൈറ്റ് ചെയ്യുന്നത്. അത് ഒരു ഡാൻസ് പോലെയാണ്,’ വിസ്മയ പറഞ്ഞു.
തുടക്കം. Photo. screengrab/ Youtube.com
ആക്ഷൻ രംഗങ്ങൾക്കായി പ്രവർത്തിച്ച ടീമിനൊപ്പമുള്ള അനുഭവവും താരം പങ്കുവെച്ചു. കൊറിയോഗ്രഫികൾ പഠിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടെന്നും ആക്ഷൻ ടീമിനും സിൽവ മാസ്റ്ററിനും അവരുടെ ടീമിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നും വിസ്മയ പറഞ്ഞു.
‘എല്ലാ കൊറിയോഗ്രഫികളും പഠിക്കുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചു. സിൽവ മാസ്റ്ററുടെയും ടീമിന്റെയും കൂടെ പ്രവർത്തിച്ചു. എല്ലാവരും മികച്ചവരായിരുന്നു. നല്ലത് പോലെ അത് ചെയ്യാൻ പറ്റി,’ വിസ്മയ പറഞ്ഞു.
സിനിമയുടെ സന്ദേശത്തെക്കുറിച്ചും വിസ്മയ സംസാരിച്ചു. ചിത്രം ആളുകളെയും സ്ത്രീകളെയും മാർഷ്യൽ ആർട്സ് പഠിക്കാൻ പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.
‘സിനിമയുടെ മെസേജ് വളരെ മികച്ചതാണ്. ഇത് ആളുകളെയും സ്ത്രീകളെയും മാർഷ്യൽ ആർട്സ് പഠിക്കാൻ പ്രചോദിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. സിനിമ കണ്ടിറങ്ങുന്ന പലരും തങ്ങളുടെ കുട്ടികളെ മാർഷ്യൽ ആർട്സ് പഠിപ്പിക്കാൻ അയക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ശരിക്കും വളരെ സന്തോഷമുള്ള കാര്യമാണ്,’ വിസ്മയ കൂട്ടിച്ചേർത്തു.
വിസ്മയ. Photo. Screengrab/ Youtube.com
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആശിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.
Content Highlight: Vismaya Mohanlal opens up about her experience working on her debut film, Thudakkam