| Wednesday, 19th August 2026, 12:33 pm

അഭിനയം എളുപ്പമുള്ള കാര്യമല്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു; വിസ്മയ മോഹൻലാൽ

അജ്മല്‍ കെ

സ്കൂൾ കാലത്ത് നാടകത്തിൽ അഭിനയിച്ച അനുഭവമുണ്ടെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം എപ്പോഴാണ് മനസ്സിൽ വന്നതെന്ന് കൃത്യമായി പറയാനാകില്ലെന്ന് വിസ്മയ. കുട്ടിക്കാലം മുതൽ സിനിമ തനിക്കൊപ്പമുണ്ടായിരുന്നെന്നും പിന്നീട് എപ്പോഴോ അഭിനയത്തെ ഗൗരവമായി കാണണമെന്ന ചിന്ത മനസ്സിൽ വന്നതാണെന്നും താരം പറയുന്നു. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റ പ്രതികരണം.

ഊട്ടിയിലെ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നാടകത്തിൽ അഭിനയിച്ചത്. അന്ന് വില്ലൻ കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിച്ചത്. തന്റെ പ്രകടനം കാണാൻ അച്ഛൻ എത്തിയതും ഇന്നും ഓർമയിലുണ്ടെന്ന് വിസ്മയ പറയുന്നു.

തുടക്കം.Photo: Screengrab/Youtube.com

‘സ്കൂൾക്കാലത്ത് നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ഊട്ടിയിലെ സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേർന്ന് സ്കൂളിൽ നാടകം അവതരിപ്പിച്ചു. വില്ലൻ വേഷമായിരുന്നു അന്നെനിക്ക്. അത് കാണാൻ അച്ഛൻ വന്നതെല്ലാം ഇന്നും ഓർമയുണ്ട്,’ വിസ്മയ പറഞ്ഞു.

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ ആദ്യം അത് പങ്കുവച്ചത് ചേട്ടനോടായിരുന്നു. വീട്ടിൽ മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും നൽകിയിരുന്നതിനാൽ അഭിനയിക്കണമെന്ന ആഗ്രഹം അമ്മയോട് പറയാൻ മടിയൊന്നും തോന്നിയില്ലെന്നും വിസ്മയ കൂട്ടിച്ചേർത്തു.

അഭിനയത്തിലേക്കുള്ള വരവിന് മുന്നോടിയായി കഥാപാത്രത്തെ പൂർണമായി മനസ്സിലാക്കാനാണ് ശ്രമിച്ചതെന്നും താരം വ്യക്തമാക്കി. തിരക്കഥ മുഴുവൻ വായിച്ച് കഥാപാത്രത്തിന്റെ സംഭാഷണങ്ങളും വൈകാരികമായ യാത്രയും മനസ്സിലാക്കിയ ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.

‘രാത്രി ഉറങ്ങുന്നതിന് മുൻപ് സംഭാഷണങ്ങൾ പലതവണ പറഞ്ഞുനോക്കുമായിരുന്നു. അഭിനയം എളുപ്പമുള്ള കാര്യമല്ലെന്ന അച്ഛന്റെ കമന്റ് മനസ്സിലേക്ക് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. ഒരു സീൻ അഭിനയിക്കുമ്പോൾ അതിനുമുൻപും ശേഷവുമുള്ള കാര്യങ്ങൾ കൃത്യമായി അറിയാമായിരുന്നു. കഥാപാത്രത്തിന്റെ സംഭാഷണങ്ങളും വൈകാരികയാത്രകളും ഉൾക്കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കാര്യങ്ങൾ എളുപ്പമായി തോന്നി,’ താരം പറഞ്ഞു.

തുടക്കം.Photo: IMDb

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആശിഷ് ജോ ആന്റണി, സായ് കുമാർ, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികാരങ്ങളോടെ തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

Content Highlight:  Vismaya Mohanlal opens up about her acting journey and film debut

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more