| Friday, 7th August 2026, 2:41 pm

'വിസ്മയയുടെ 'തുടക്കം' തന്നെ 'ഒടുക്കം' ആകുമെന്ന് വിധിയെഴുതിയവര്‍ക്ക് മാറിയിരുന്ന് കരയാം; തുടക്കം മായ തൂക്കി !

ആര്യ.പി

വിസ്മയ മോഹന്‍ലാലിന്റെ ആദ്യ സിനിമയായ ‘തുടക്ക’ത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് ഗംഭീര പ്രതികരണം. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത വിധം വിസ്മയ ചിത്രത്തില്‍ ഗംഭീര പെര്‍ഫോമന്‍സ് നടത്തിയെന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ചിത്രം പുറത്തിറങ്ങും മുമ്പ് തന്നെ വിസ്മയയെ ലക്ഷ്യമിട്ട് നടന്ന പരിഹാസങ്ങളും ട്രോളുകളും ബോഡി ഷെയിമിങ്ങും, ‘ആദ്യ സിനിമ തന്നെ അവസാന സിനിമയാകും’ എന്ന തരത്തിലുള്ള പ്രവചനങ്ങളും അസ്ഥാനത്താക്കുന്ന പ്രകടനമാണ് സിനിമയില്‍ മായ കാഴ്ചവെച്ചത്.

ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇത്തരം ഹേറ്റ് ക്യാമ്പയിനുകള്‍ക്കുള്ള ശക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷ് ശ്രദ്ധേയ പ്രകടനവുമായി സ്‌ക്രീന്‍ നിറയ്ക്കുമ്പോള്‍, രണ്ടാം പകുതി വിസ്മയ മോഹന്‍ലാലിന്റെ പ്രകടനത്തിന്റേതായി മാറുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍.

വൈകാരിക രംഗങ്ങളിലെ കയ്യടക്കവും ആക്ഷന്‍ രംഗങ്ങളിലെ അനായാസ പ്രകടനവും കൊണ്ട് ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് വിസ്മയയുടേതാണെന്ന് നിസംശയം പറയാം.

‘വിസ്മയയുടെ ആദ്യ സിനിമ തന്നെ ഒടുക്കമാകും’ എന്ന് വിധിയെഴുതിയവര്‍ക്ക് ചിത്രം വലിയ തിരിച്ചടിയായെന്നും, ആ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ നിറയുകയാണ്.

വിസ്മയക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും, ലോകത്തിലെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറഞ്ഞിട്ടില്ലെന്ന പേരില്‍ പരിഹസിക്കുകയും, ബോഡി ഷെയിമിങ് വരെ നടത്തുകയും ചെയ്തുകൊണ്ടായിരുന്നു സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ രംഗത്തെത്തിയത്. മലയാളം അറിയില്ലെന്നും നെപ്പോട്ടിസത്തിന്റെ അങ്ങേയറ്റമെന്നും പറഞ്ഞും ചിലര്‍ രംഗത്തെത്തിയിരുന്നു.

ഒരു സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ അതിലെ അഭിനേതാവിനെ വിധിയെഴുതുകയും, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തവര്‍ക്ക് ‘തുടക്കത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് വിസ്മയ.

അതേസമയം സിനിമ എന്ന മാജിക്കിലേക്ക് തന്നെ ആകര്‍ഷിച്ച മോഹന്‍ലാലെന്ന മാന്ത്രികന് ജൂഡ് നല്‍കുന്ന ഗുരുദക്ഷിണയാണ് ഈ ചിത്രമെന്ന അഭിപ്രായവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

പ്രളയത്തെ ആസ്പദമാക്കിയ ‘2018’ എന്ന സിനിമയിലൂടെ ഒരു ഡോക്യുമെന്ററി സ്വഭാവമുള്ള വിഷയത്തെ പോലും മികച്ച സിനിമാനുഭവമാക്കി മാറ്റിയ ജൂഡ്, ഇത്തവണയും അതേ മികവ് ആവര്‍ത്തിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിലനിര്‍ത്തുന്ന സിനിമയായി ‘തുടക്കം’ മാറുന്നുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

സംഗീത സംവിധായകന്‍ ജെക്‌സ് ബിജോയ് ചിത്രത്തിന്റെ വൈകാരിക ഭാരം മനോഹരമായി ഏറ്റെടുത്തപ്പോള്‍, ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ജൂഡിന്റെ ദൃശ്യസങ്കല്‍പ്പങ്ങളെ പൂര്‍ണതയോടെ സ്‌ക്രീനിലെത്തിച്ചുവെന്നും ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക് ബെന്‍ ഒരുക്കിയ രംഗങ്ങളും, ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ പേസ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ മോഹന്‍ലാലിന്റെ സാന്നിധ്യം തിയേറ്ററുകളില്‍ വലിയ കയ്യടികളാണ് ഉണ്ടാക്കുന്നത്. സായികുമാര്‍, ബോബി കുര്യന്‍, ജിബിന്‍ ഗോപിനാഥ്, ഗണേഷ് കുമാര്‍, മനോജ് കെ ജയന്‍, കോട്ടയം രമേശ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിട്ടുണ്ട്.

Content Highlight: Vismaya Mohanlal Incredible Performance o Thudakkam

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more