| Friday, 31st July 2026, 8:12 am

പോയി അടിച്ചുപൊളിക്കെന്ന് പ്രണവ്, പക്ഷേ അച്ഛന്‍ തന്ന ഉപദേശം മറ്റൊന്നായിരുന്നു: വിസ്മയ മോഹന്‍ലാല്‍

അമര്‍നാഥ് എം.

താരകുടുംബത്തില്‍ നിന്ന് പുതിയൊരു എന്‍ട്രി മോളിവുഡില്‍ നടക്കുകയാണ്. മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സൂപ്പര്‍താരത്തിന്റെ മകളാണെങ്കിലും വിസ്മയയുടെ പഠനമെല്ലാം വിദേശത്തായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സ്, കവിതയെഴുത്ത്, ചിത്രംവര എന്നിവയില്‍ കഴിവ് തെളിയിച്ച വിസ്മയ ക്യാമറക്ക് മുന്നിലെത്തുന്നെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരുന്നു. സിനിമയിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് വിസ്മയ.

വിസ്മയ മോഹന്‍ലാല്‍ Photo: Screen grab/ Galatta Plus

കുറച്ച് വര്‍ഷം മുമ്പാണ് സിനിമയിലേക്ക് കടക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം വീട്ടുകാരോട് പറഞ്ഞതെന്ന് വിസ്മയ പറയുന്നു. എന്നാല്‍ സ്റ്റേജ് ഫിയറുള്ളതുകൊണ്ട് ആ തീരുമാനത്തെക്കുറിച്ച് തിരിച്ചും മറിച്ചും ആലോചിച്ചെന്നും അമ്മയാണ് തന്നോട് അതിനെപ്പറ്റി പിന്നീട് ചോദിച്ചുകൊണ്ടിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു വിസ്മയ.

‘കുറച്ച് കാര്യങ്ങളില്‍ എനിക്ക് തന്നെ സംശയമുണ്ടായിരുന്നു. എന്റെ ബോഡി ടൈപ്പ്, അതുപോലെ എന്റെ മലയാളം ശരിയാകുമോ എന്നൊക്കെ സംശയമുണ്ടായിരുന്നു. മലയാളം സംസാരിക്കാന്‍ അറിയുമെങ്കിലും സാധാരണ സംസാരം പോലെയല്ല എന്റെ മലയാളം. അതിനെക്കുറിച്ചെല്ലാം ആലോചിച്ചു. ഒടുവില്‍ ക്യാമറക്ക് മുന്നിലെത്തി. ഷൂട്ടിന്റെ തലേദിവസം ടെന്‍ഷന്‍ കാരണം ശരിക്ക് ഉറങ്ങാന്‍ സാധിച്ചില്ല.

പ്രണവിനോട് എല്ലാ കാര്യവും ഷെയര്‍ ചെയ്യുമെങ്കിലും സിനിമയുടെ കാര്യത്തില്‍ അധികം ഉപദേശമൊന്നും തന്നില്ല. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ‘പോയി അടിച്ചുപൊളിക്ക്’ എന്നായിരുന്നു മറുപടി. പക്ഷേ, അച്ഛന്‍ തന്ന ഉപദേശം മറ്റൊന്നായിരുന്നു. ‘ഇത് നിന്റെ മാത്രം യാത്രയാണ്. എന്താണ് ചെയ്യേണ്ടതെന്ന് നീ സ്വയം തിരിച്ചറിയണം’ എന്ന് മാത്രമേ പറഞ്ഞുള്ളൂ. വേറെ ഉപദേശമൊന്നും നല്‍കിയില്ല,’ വിസ്മയ പറയുന്നു.

സെറ്റില്‍ വെച്ച് താന്‍ നെര്‍വസായിരുന്നെന്നും എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുമായിരുന്നെന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു. അത് കണ്ട് തന്നോട് സ്ലോയാകാന്‍ അച്ഛന്‍ ആവശ്യപ്പെട്ടെന്നും അത് മാത്രമാണ് അഭിനയത്തിന്റെ കാര്യത്തില്‍ നല്‍കിയ നിര്‍ദേശമെന്നും താരം പറഞ്ഞു. പെര്‍ഫോമന്‍സ് മെച്ചമാകാന്‍ ഒന്നും പറഞ്ഞ് തന്നിട്ടില്ലെന്നും വിസ്മയ പറയുന്നു.

Content Highlight: Vismaya Mohanlal about the  advices she got from family

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more