| Tuesday, 29th October 2013, 1:33 am

വിശ്വരൂപം 2 ട്രെയിലര്‍ നവംബര്‍ ഏഴിന് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഉലകനായകന്‍ കമല്‍ ഹാസന്റെ വിശ്വരൂപം രണ്ടിന്റെ ട്രയിലര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. കമലുമായി അടുത്ത വൃത്തങ്ങള്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കമലിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് ട്രെയിലര്‍ പുറത്തിറക്കാനാണ് പദ്ധതി.

ട്രയിലര്‍ പുറത്തിറക്കാനായി കുറച്ച് എഡിറ്റിംഗ് ജോലി കൂടിയേ ബാക്കിയുള്ളൂ എന്നാണ് സിനിമയുടെ പിന്നണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍  ട്രയിലര്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് കമല്‍ ഇത് വരെ മനസ്സ്  തുറന്നിട്ടില്ല.

ഏറെ വിവാദങ്ങള്‍ക്കു  ശേഷം റിലീസ് ചെയ്ത വിശ്വരൂപ ത്തിന്റെ ആദ്യ പതിപ്പ് തിയ്യറ്ററുകളില്‍ വന്‍ വിജയമായിരുന്നു. നാല് ദിവസം കൊണ്ട് 120 കോടിയോളം രൂപയാണ് തിയറ്ററുകളില്‍ നിന്ന് സിനിമ വാരിയത്.

പ്രതിസന്ധികള്‍ക്കിടയിലും ആദ്യപതിപ്പ് നേടിയ ബോക്‌സഓഫീസ് വിജയം തന്നെയാണ് പെട്ടെന്ന് തന്നെ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ കമലിനെ പ്രേരിപ്പിച്ചതും. അത് കൊണ്ട് തന്നെ വിശ്വരൂപം രണ്ടിനെകുറിച്ച് കമല്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷകളും ഏറെയാണ്.

തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന  വിശ്വരൂപം രണ്ടിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്. ചിത്രത്തില്‍  മേജര്‍ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരന്റെ വേഷമാണ് കമല്‍ ചെയ്യുന്നത്.

വെറ്ററല്‍ ആക്ടറസായ വഹീദ റഹ്മാനാണ് സിനിമയില്‍ കമലിന്റെ അമ്മയായി അഭിനയിക്കുന്നത്. വേണു രവിചന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയില്‍ രാഹുല്‍ ബോസ്, പൂജാ കുമാര്‍, ശേഖര്‍ കപൂര്‍, അന്ദേര ജറീമിയ, തുടങ്ങി ബോളിവുഡിലെയും കോളിവുഡിലെയും ഒരു വന്‍ താരനിര തന്നെയുണ്ട്.

We use cookies to give you the best possible experience. Learn more