ന്യൂദല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.
മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ പാകിസ്ഥാന്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയം പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തുറന്നടിച്ചു.
പാപ്പരായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പാകിസ്ഥാന് ആഗോളതലത്തില്‍ ഇത്ര വലിയൊരു പങ്ക് വഹിക്കാന്‍ കഴിഞ്ഞത് മോദിയുടെ ഇടപെടലുകളെയും മാനേജ്മെന്റിനെയും ചോദ്യം ചെയ്യുന്നതാണെന്ന് ജയറാം രമേശ് പറഞ്ഞു.
പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും, മുംബൈ ഭീകരാക്രമണത്തിന് ശേഷം മന്‍മോഹന്‍ സിങ് നേടിയെടുത്ത നയതന്ത്ര വിജയം ആവര്‍ത്തിക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പാകിസ്ഥാനെ ഒരു ‘ദല്ലാള്‍’ ആയി തള്ളിക്കളഞ്ഞു. എന്നാല്‍ ഇപ്പോള്‍ വിശ്വഗുരു തുറന്നുകാട്ടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ സ്വയം പ്രഖ്യാപിത 56 ഇഞ്ച് നെഞ്ചളവ് ചുരുങ്ങിയിരിക്കുകയാണ്,’ ജയറാം രമേശ് പരിഹസിച്ചു.
ഗസയില്‍ ഇസ്രഈള്‍ നടത്തുന്ന വംശഹത്യയെക്കുറിച്ചും വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ഭീരുത്വമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2026 ഫെബ്രുവരിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ ഉള്‍പ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് യു.എസും ഇസ്രഈലും നടത്തിയ സംയുക്ത ആക്രമണങ്ങളോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.
പ്രധാനമന്ത്രി നരേന്ദ്രമ മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് ഇത് സംഭവിച്ചതെന്നും, ഇത് ഇന്ത്യയുടെ ആഗോള നിലവാരത്തെ ഇടിച്ചുവെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
2025 മെയ് 10-ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പെട്ടെന്ന് നിര്‍ത്തിവെച്ചതിനെക്കുറിച്ചും കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്തുകൊണ്ടാണ് ഈ ദൗത്യം നിര്‍ത്തിയത് എന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോ സംഘമോ വിശദീകരണം നല്‍കിയിട്ടില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയതെന്നും അതിനുശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന്റെ അംഗീകാരം പലതവണ അവകാശപ്പെട്ടതായും ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ഇറാനിലെ പവര്‍ പ്ലാന്റുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ഹോര്‍മുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറക്കണമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെള്ളിയാഴ്ച മുതല്‍ പാകിസ്ഥാനില്‍ വെച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
മാത്രമല്ല മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാന്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെയും ഇറാന്‍ പ്രശംസിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് മന്ത്രി അബ്ബാസ് അരാഗ്ചി നന്ദി പറയുകയും ചെയ്തു.
മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നത് ആശ്വാസമാകുമ്പോഴും അയല്‍രാജ്യമായ പാകിസ്ഥാന്‍ നയതന്ത്ര വിജയങ്ങള്‍ സ്വന്തമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണെന്നും ഇത് മോദിയുടെ പരാജയമാണെന്നുമാണ് കോണ്‍ഗ്രസിന്റെ പക്ഷം.
Content Highlight: ‘Vishwaguru stands exposed’: Congress mounts sharp attack on Modi over Pakistan’s role in US-Iran ceasefire