| Saturday, 9th August 2025, 3:27 pm

ഉത്തരേന്ത്യ പോലെ ബജ്‌രംഗ്ദളിനെ കേരളത്തിലും ശക്തിപ്പെടുത്തും, ഘര്‍ വാപസി നടപ്പിലാക്കും: വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലും ഘര്‍ വാപസി നടപ്പിലാക്കുമെന്ന് വിശ്വ ഹിന്ദു പരിഷദ് ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍. കേരളത്തിലും മതപരിവര്‍ത്തനം ശക്തമാണെന്നും മതപരിവര്‍ത്തനത്തിനെതിരെ ഘര്‍ വാപസി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും ബജ്‌രംഗ്ദളിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വി.എച്ച്.പി ബൈഠക്കിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍ വിളയില്‍.

‘കേരളത്തില്‍ ഘര്‍ വാപസി വ്യാപകമാക്കി മാറ്റാന്‍ വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്. ബജ്‌രംഗ്ദളിന്റെയും ദുര്‍ഗാവാഹിനിയുടെ പ്രവര്‍ത്തനവും കേരളത്തില്‍ സക്രിയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും,’ അനില്‍ വിളയില്‍ പറഞ്ഞു.

ഘര്‍ വാപസിയും മതപരിവര്‍ത്തനവും രണ്ടും രണ്ടാണെന്നും ഇത് മനസിലാക്കാതെയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഉത്തരേന്ത്യയില്‍ എപ്രകാരമാണോ വി.എച്ച്.പി, ബജ്‌രംഗ്ദള്‍, ദുര്‍ഗാവാഹിനി എന്നിവര്‍ പ്രവര്‍ത്തിക്കുന്നത്, അതുപോലെ നിയമപരമായ മാര്‍ഗങ്ങളിലൂടെ കേരളത്തിലും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനമൊരോപിച്ച് മലയാളി കന്യാസ്ത്രീകളെ ആക്രമിച്ചതിലും ജാമ്യത്തിനെതിരെ രംഗത്തുവന്നതിനെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ വിളയില്‍ പറഞ്ഞു.

ഛത്തീസ്ഗഡ് വിഷയം കേരളത്തില്‍ മാത്രമാണ് ചര്‍ച്ചായകുന്നതെന്നും കേരളം വിട്ടാല്‍ ആരും തന്നെ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നുമാണ് വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്.

Content Highlight: Vishwa Hindu Parishad General Secretary Adv. Anil Vilayil says that Ghar Wapasi will be implemented in Kerala as well.

We use cookies to give you the best possible experience. Learn more