| Monday, 22nd December 2025, 3:46 pm

ഞാന്‍ സ്വയം സേവകന്‍, എന്‍.ഡി.എയിലെ തര്‍ക്കം ഞാന്‍ പരിഹരിച്ചോളാം; യു.ഡി.എഫിലേക്കുള്ള ക്ഷണം തള്ളി വിഷ്ണുപുരം ചന്ദ്രശേഖരന്‍

അനിത സി

തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ക്ഷണം തള്ളി കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. താനിപ്പോഴും എന്‍.ഡി.എ വൈസ് ചെയര്‍മാനാണെന്നും യു.ഡി.എഫില്‍ ചേരാനായി അപേക്ഷ നല്‍കിയിരുന്നില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

‘ഞാന്‍ സ്വയംസേവകനാണ്. എനിക്ക് സംഘപരിവാര്‍ പശ്ചാത്തലമാണുളളത്. എന്‍.ഡി.എയില്‍ നിലവില്‍ അതൃപ്തിയുണ്ട്. അത് പരിഹരിക്കാന്‍ എനിക്കറിയാം. ഞാന്‍ എന്‍.ഡി.എ വൈസ് ചെയര്‍മാനാണ്. പ്രശ്‌നങ്ങള്‍ എന്‍.ഡി.എ യോഗത്തില്‍ ചര്‍ച്ച ചെയ്യും,’ ചന്ദ്രശേഖരന്‍ പറഞ്ഞു.

മൂന്ന് നാല് മാസം മുമ്പ് പ്രതിപക്ഷ നേതാവിനെ വസതിയില്‍ വെച്ച് കണ്ടിരുന്നു. പിന്നീട് രമേശ് ചെന്നിത്തലയെ ആലപ്പുഴയില്‍ വെച്ചും കണ്ടിരുന്നു. അല്ലാതെ താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ത് വര്‍ഷം മുമ്പ് ബെന്നി ബെഹനാനും തന്നെ യു.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ഇടതുപക്ഷത്തിനായിരുന്നു തങ്ങളുടെ പിന്തുണയെന്നും അദ്ദേഹം വിശദീകരിച്ചു. യു.ഡി.എഫിലേക്ക് ചേരാനായി അപക്ഷ നല്‍കിയിട്ടില്ല. അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ യു.ഡി.എഫ് പുറത്തുവിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

യു.ഡി.എഫിന്റെ അസോഷ്യേറ്റ് അംഗമായാണ് വിഷ്ണുപുരം ചന്ദ്രശേഖരനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെയും പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഔദ്യോഗികമായി ക്ഷണിച്ചത്.

തിങ്കളാഴ്ച നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് എന്‍.ഡി.എയില്‍ ഘടകകക്ഷികളായ സി.കെ ജാനുവിനേയും വിഷ്ണുപുരം ചന്ദ്രശേഖരനേയും യു.ഡി.എഫിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്.

ഇവര്‍ എന്‍.ഡി.എ വിടാന്‍ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും പ്രതിപക്ഷ  നേതാവ് അറിയിച്ചിരുന്നു. ഏകകണ്ഠമായാണ് തീരുമാനമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാദങ്ങളെ തള്ളി വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: I will resolve the dispute in the NDA; Vishnupuram Chandrasekharan rejects the invitation to join the UDF

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more