| Monday, 1st September 2025, 12:26 pm

രാക്ഷസന് ശേഷം വന്ന ഓഫറുകള്‍; അതെന്റെ മോശം സമയമായിരുന്നുവെന്ന് തോന്നുന്നു: വിഷ്ണു വിശാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ തമിഴ് നടന്മാരില്‍ ഒരാളാണ് വിഷ്ണു വിശാല്‍. 2009ല്‍ വെന്നില കബഡി കുഴു എന്ന സ്‌പോര്‍ട്‌സ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

2018ല്‍ പുറത്തിറങ്ങിയ രാക്ഷസന്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് പരിചിതനാകുന്നത്. ഈ സിനിമ തമിഴിന് പുറമെ മറ്റ് വിവിധ ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ രാക്ഷസന്‍ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷവും വിഷ്ണുവിന് അധികം സിനിമകള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് അത്തരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ പോയതെന്ന് പറയുകയാണ് നടന്‍.

‘നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്നത് പോലെ രാക്ഷസന്‍ ഒരു മെഗാഹിറ്റായിരുന്നു. കേരളത്തിലും ആ ചിത്രം നന്നായി ഓടിയിരുന്നു. അതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ സിനിമ തെലുങ്ക് ഉള്‍പ്പെടെയുളള ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. സത്യത്തില്‍ അതിനുശേഷം എനിക്ക് കൈനിറയെ ഓഫറുകള്‍ വന്നിരുന്നു,’ വിഷ്ണു വിശാല്‍ പറയുന്നു.

പക്ഷേ ഒരൊറ്റ സിനിമ പോലും യാഥാര്‍ഥ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നും രണ്ടുമല്ല ഒമ്പത് പ്രോജക്ടുകളാണ് തനിക്ക് ആ സമയത്ത് കൈയില്‍ നിന്ന് നഷ്ടമായതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അത് ആരുടെയും കുഴപ്പം കൊണ്ടല്ലെന്നും തന്റെ മോശം സമയമായിരുന്നു കാരണമെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.

‘അടുത്ത സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും പിന്തുണ കൊണ്ട് ഞാന്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇതിനിടയില്‍ എഫ്.ഐ.ആര്‍ എന്ന സിനിമയുടെ വിജയത്തോടെ കരിയറിലും വലിയ തിരിച്ചുവരവ് നടത്താനായി.

ഇനിയങ്ങോട്ട് നല്ല സമയമാകുമെന്ന് കരുതുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിച്ച് മനസ് മടുത്തവരോട് എനിക്ക് പറയാനുള്ളത് ‘വിട്ടുകൊടുക്കരുത്. ക്ഷമയോടെ കാത്തിരിക്കൂ, എല്ലാത്തിലും ഒരു സെക്കന്‍ഡ് ചാന്‍സുണ്ട്’ എന്നാണ്,’ വിഷ്ണു വിശാല്‍ പറയുന്നു.

Content Highlight: Vishnu Vishal Talks About Ratsasan Movie

We use cookies to give you the best possible experience. Learn more