| Saturday, 12th July 2025, 9:32 pm

നായകനൊപ്പം ക്ലൈമാക്‌സ് വരെ നില്‍ക്കുന്ന കഥാപാത്രമെന്ന് പറഞ്ഞ് വിളിച്ചു, ഇന്റര്‍വെലിന് ശേഷം ഞാന്‍ സിനിമയിലില്ലാതായി: വിഷ്ണു വിശാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് വിഷ്ണു വിശാല്‍. റാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയൊട്ടുക്ക് താരം ശ്രദ്ധ നേടി. ഗാട്ടാ ഗുസ്തി എന്ന ചിത്രത്തിലൂടെ നിര്‍മാതാവെന്ന നിലയിലും വിഷ്ണു വിശാല്‍ തന്റെ സാന്നിധ്യമറിയിച്ചു.

രാക്ഷസന്‍ വലിയ ഹിറ്റായതിന് ശേഷവും തന്നെ പലരും അവഗണിച്ചിരുന്നെന്ന് പറയുകയാണ് വിഷ്ണു വിശാല്‍. റാണാ ദഗ്ഗുബട്ടി നായകനായെത്തിയ കാടന്‍ എന്ന ചിത്രം അതിന് ഉദാഹരണമാണെന്ന് താരം പറഞ്ഞു. നായകനൊപ്പം പ്രാധാന്യമുള്ള വേഷമെന്നാണ് തന്നോട് പറഞ്ഞതെന്നും ക്ലൈമാക്‌സ് വരെ നില്‍ക്കുന്ന കഥാപാത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റിലീസായപ്പോള്‍ ഇന്റര്‍വെല്ലിന് ശേഷം തന്റെ കഥാപാത്രം സിനിമയില്‍ നിന്ന് ഒഴിവായെന്നും അത് തനിക്ക് വലിയ ഷോക്കായെന്നും താരം പറയുന്നു. ലാല്‍ സലാമിലും അത് ആവര്‍ത്തിച്ചെന്നും 25 മിനിറ്റ് മാത്രമുള്ള രജിനിയുടെ കഥാപാത്രം പിന്നീട് സിനിമ മുഴുവന്‍ നിറഞ്ഞുനിന്നെന്നും തന്റെ കഥാപാത്രത്തെ ചെറുതാക്കിയെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു വിഷ്ണു വിശാല്‍.

രാക്ഷസന്‍ ഹിറ്റായതിന് ശേഷവും എന്റെ കരിയറില്‍ വലിയ മാറ്റമുള്ളതായി തോന്നിയിട്ടില്ല. അവഗണിക്കുന്നത് പിന്നെയും തുടരുകയാണ്. പല സിനിമകളിലും എന്റെ വേഷം വെട്ടി ചെറുതാക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് കാടന്‍. ആ സിനിമയില്‍ റാണയോടൊപ്പം ഇംപോര്‍ട്ടന്റായിട്ടുള്ള വേഷമായിരുന്നു എന്റേത്.

ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനില്‍ക്കുന്ന വേഷമെന്നായിരുന്നു ആദ്യം പറഞ്ഞത്. അങ്ങനെ കുറേയൊക്കെ ഷൂട്ട് ചെയ്തു. പക്ഷേ, പടം റിലീസായപ്പോള്‍ ഇന്റര്‍വെല്ലിന് ശേഷം എന്റെ ക്യാരക്ടര്‍ ഇല്ലാതായി. എന്റെ സീനുകള്‍ വെട്ടിച്ചുരുക്കി. അതുപോലെയാണ് ലാല്‍ സലാം എന്ന സിനിമയിലും നടന്നത്. ഞാനും വിക്രാന്തും നായകന്മാര്‍ എന്നായിരുന്നു ആദ്യം പറഞ്ഞത്.

രജിനി സാര്‍ വെറും 25 മിനിറ്റ് മാത്രമുള്ള ക്യാരക്ടര്‍, എക്‌സ്റ്റെന്‍ഡഡ് കാമിയോ എന്ന രീതിയിലായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍ പിന്നീട് എന്റെയും വിക്രാന്തിന്റെയും പോര്‍ഷനുകള്‍ ചെറുതാക്കി. രജിനി സാറിന്റെ കഥാപാത്രത്തിന് ഒരു മണിക്കൂര്‍ സ്‌ക്രീന്‍ ടൈം കൊടുത്തു. വേറെയും സിനിമകളില്‍ ഇതുപോലെ നടന്നിട്ടുണ്ട്. അതിന്റെയൊന്നും പേര് പറയുന്നില്ല,’ വിഷ്ണു വിശാല്‍ പറയുന്നു.

Content Highlight: Vishnu Vishal shares the rejections he facing from Tamil cinema after Ratsasan

We use cookies to give you the best possible experience. Learn more