| Friday, 3rd July 2026, 8:15 am

എന്നെ വെച്ച് രാക്ഷസന്‍ ചെയ്യാന്‍ ആ നിര്‍മാതാവിന് ഇഷ്ടമല്ലായിരുന്നു, പകരം വന്ന നടനെ വെച്ച് മര്യാദക്ക് എടുക്കാനായില്ല: വിഷ്ണു വിശാല്‍

അമര്‍നാഥ് എം.

ക്രൈം ത്രില്ലര്‍ സിനിമകളില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ഒന്നായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാലിനെ നായകനാക്കി  റാം കുമാര്‍ അണിയിച്ചൊരുക്കിയ ചിത്രം വന്‍ വിജയമായി മാറി. പിന്നീട് ഏത് ത്രില്ലര്‍ ഒരുങ്ങിയാലും രാക്ഷസനുമായിട്ടാണ് പലരും താരതമ്യം ചെയ്തിരുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തിയ രാക്ഷസനിലൂടെ വിഷ്ണു വിശാലിന്റെ സ്റ്റാര്‍ഡം ഉയര്‍ന്നു.

ചിയാന്‍ വിക്രം അടക്കം 18 നടന്മാര്‍ റിജക്ട് ചെയ്ത ശേഷമാണ് വിഷ്ണു വിശാലിന്റെ അടുത്ത് ഈ കഥയെത്തിയത്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് പലകുറി വിഷ്ണു പറഞ്ഞിട്ടുണ്ട്. ചിത്രത്തിന് നിര്‍മാതാവിനെ കിട്ടാന്‍ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. താനാണ് നായകനെന്ന് അറിയുമ്പോള്‍ പല നിര്‍മാതാക്കാളും പിന്മാറിയിരുന്നെന്നും വിഷ്ണു പറയുന്നു.

വിഷ്ണു വിശാല്‍ Photo: Screen grab/ Fully Filmy

18 നായകന്മാര്‍ റിജക്ട് ചെയ്ത കഥ തന്റെയടുത്തേക്ക് വന്നപ്പോള്‍ ആദ്യ നറേഷനില്‍ തന്നെ ഓക്കെ പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്നെ നായകനാക്കി സിനിമ ചെയ്യാന്‍ നിര്‍മതാവിന് താത്പര്യമില്ലായിരുന്നെന്നും വീണ്ടും പ്രതിസന്ധിയിലായെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. ഫുള്ളി ഫില്‍മിയോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പൊലീസ് ഓഫീസറാകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ കഥയിലേക്ക് ഞാന്‍ ഇന്‍ ആയി. കഥ ചെയ്യാമെന്ന് ഞാന്‍ റാം കുമാറിനോട് പറഞ്ഞു. അടുത്ത പണിയായിരുന്നു പ്രൊഡ്യൂസറെ കണ്ടുപിടിക്കുക എന്നത്. കുറച്ച് സമയമെടുത്ത് അവന്‍ ഒരു പ്രൊഡ്യൂസറെ കണ്ടുപിടിച്ചു. പക്ഷേ, അയാള്‍ എന്നെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുക്കമല്ലായിരുന്നു.

റാമിന് അഡ്വാന്‍സ് കൊടുത്തതോടെ രാക്ഷസന്‍ എനിക്ക് മിസ്സായെന്ന് ഉറപ്പായി. ജയ്‌യെ നായകനാക്കി അവര്‍ പടം അനൗണ്‍സ് ചെയ്തു. പക്ഷേ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തന്നെ ജയ് ആ സിനിമയില്‍ ഓക്കെയല്ലെന്ന് മനസിലായി. റാം കുമാര്‍ തിരിച്ച് എന്റെയടുത്തേക്ക് തന്നെ വന്നു. അങ്ങനെയാണ് ഞാന്‍ രാക്ഷസനില്‍ നായകനായത്,’ വിഷ്ണു വിശാല്‍ പറയുന്നു.

നഗരത്തെ ഭീതിയിലാഴ്ത്തുന്ന സൈക്കോ കില്ലറെ കണ്ടുപിടിക്കാന്‍ സാധാരണ എസ്.ഐയായ നായകന്‍ ഇറങ്ങിത്തിരിക്കുന്നതും അയാള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് രാക്ഷസന്റെ കഥ. 2018ല്‍ പുറത്തിറങ്ങിയ ചിത്രം ഗംഭീര വിജയമായി മാറിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ല.

Content Highlight: Vishnu Vishal shares the memories of Ratsasan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more