| Thursday, 23rd October 2025, 12:38 pm

ആമിര്‍ ഖാന്‍ സാര്‍ കൂലിയെക്കുറിച്ച് എവിടെയും നെഗറ്റീവായി സംസാരിച്ചിട്ടില്ല, ആരോ പറഞ്ഞുണ്ടാക്കിയ വാര്‍ത്തയാണത്: വിഷ്ണു വിശാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വന്‍ ബജറ്റിലും ഹൈപ്പിലുമെത്തി പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച ചിത്രമായിരുന്നു കൂലി. ബോളിവുഡ് താരം ആമിര്‍ ഖാന്റെ അതിഥിവേഷം റിലീസിന് മുമ്പ് പ്രതീക്ഷ ഉയര്‍ത്തുകയും റിലീസിന് ശേഷം ട്രോള്‍ മെറ്റീരിയലുമായി മാറി. കൂലി എന്ന ചിത്രം താന്‍ സെലക്ട് ചെയ്യേണ്ടിയിരുന്നില്ലെന്ന് ആമിര്‍ ഖാന്‍ പറഞ്ഞതായി ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ അത്തരം വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് താരം വിഷ്ണു വിശാല്‍. ആമിര്‍ ഖാനോട് താന്‍ ഈ വാര്‍ത്തയെക്കുറിച്ച് ചോദിച്ചിരുന്നെന്ന് വിഷ്ണു പറഞ്ഞു. എന്നാല്‍ അതെല്ലാം വ്യാജമാണെന്നും ആരോ പടച്ചുവിട്ട കള്ളമാണെന്നുമായിരുന്നു മറുപടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ആര്യന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആമിര്‍ സാര്‍ ഒടുവില്‍ പ്രസ് റിലീസ് വരെ പുറത്തുവിട്ടിരുന്നു. ആരോ പടച്ചുവിട്ട ഒരു പേപ്പര്‍ കട്ടിങ്ങാണ് ഇതിനെല്ലാം കാരണം. കൂലി ചെയ്തതില്‍ ഒരിക്കലും അദ്ദേഹത്തിന് കുറ്റബോധമില്ലെന്ന് എന്നോട് പറഞ്ഞു. രജിനി സാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് കൂലിക്ക് ഓക്കെ പറഞ്ഞതെന്നും എന്നോട് പറഞ്ഞു.

അങ്ങനെയൊരു ഇന്റര്‍വ്യൂ ഞാന്‍ എവിടെയും കൊടുത്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ആ പേപ്പര്‍ കട്ടിങ്ങിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അതുകൊണ്ടാണ് അദ്ദേഹം പ്രസ് റിലീസ് പുറത്തുവിട്ടത്. കൂലിയില്‍ രജിനി സാറിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷവാനാണെന്ന് ഇപ്പോഴും പറയുന്നുണ്ട്’, വിഷ്ണു വിശാല്‍ പറയുന്നു.

നവാഗതനായ പ്രവീണ്‍ കെ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് ആര്യന്‍. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് വിഷ്ണു വിശാല്‍ പ്രത്യക്ഷപ്പെടുന്നത്. രാക്ഷസനെ ഓര്‍മിപ്പിക്കുന്ന ട്രെയ്‌ലറായിരുന്നു ആര്യന്റേത്. എന്നാല്‍ രാക്ഷസന്‍ പോലൊരു ചിത്രം പ്രതീക്ഷിച്ച് വരരുതെന്നാണ് വിഷ്ണു പ്രൊമോഷനില്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടത്.

ആളുകളെ തെരഞ്ഞുപിടിച്ച് വ്യത്യസ്തമായ രീതിയില്‍ കൊല്ലുന്ന സൈക്കോയുടെ കഥയാണ് ചിത്രത്തിന്റേത്. കൊല്ലുന്നതിന് അര മണിക്കൂര്‍ മുമ്പ് കൊല്ലുന്ന ആളുടെ പേര് പൊലീസിനെ അറിയിക്കുന്ന സൈക്കോയെ പിടിക്കാന്‍ പൊലീസ് ശ്രമിക്കുന്നത് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കും. സെല്‍വരാഘവനാണ് ചിത്രത്തിലെ വില്ലന്‍.

Content Highlight: Vishnu Vishal about Aamir Khan and Coolie movie

We use cookies to give you the best possible experience. Learn more