സിനിമയില്‍ ബി.ജി.എം ഒരു ഇംപാക്ടും ഉണ്ടാക്കില്ലെന്ന് അടുത്തിടെ മലയാളത്തിലെ ഒരു മുന്‍നിര സംഗീത സംവിധായകന്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി ബി.ജി.എം കൊണ്ട് മാത്രം സിനിമയെ ഉയര്‍ത്താനാകുമെന്ന് അടുത്തിടെ റിലീസായ സിനിമകള്‍ തെളിയിച്ചു.
ബി.ജി.എമ്മും സംഗീതവും കൊണ്ട് സിനിമയെ അപ്‌ലിഫ്റ്റ് ചെയ്യുന്ന മലയാളത്തിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് വിഷ്ണു വിജയ്. ഗപ്പിയിലൂടെ കരിയറാരംഭിച്ച വിഷ്ണു ഇന്ന് മലയാളത്തിലെ വിലപിടിപ്പുള്ള സംഗീതസംവിധായകരില്‍ ഒരാളാണ്. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പോസിറ്റീവുകളിലൊന്നും വിഷ്ണുവിന്റെ സംഗീതമാണ്.
മറ്റ് സംഗീത സംവിധായകരില്‍ നിന്ന് വിഷ്ണുവിനെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹം തന്റെ ബി.ജി.എമ്മുകളില്‍ ഫ്‌ളൂട്ട് ഉപയോഗിക്കുന്ന രീതിയാണ്. ആദ്യ ചിത്രമായ ഗപ്പി മുതല്‍ വിഷ്ണു ഫ്‌ളൂട്ട് കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്. ബെത്‌ലഹേമിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. നിരവധി സീനുകളില്‍ വിഷ്ണു നല്‍കിയ ബി.ജി.എം വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്.
ഇന്റര്‍വെല്ലിന് തൊട്ടുമുമ്പ് നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രം നാണിച്ച് നില്‍ക്കുന്ന സീനില്‍ നല്‍കിയ ബി.ജി.എം എടുത്തുപറയേണ്ട ഒന്നാണ്. കാറ്റുപോലെ തഴുകിക്കൊണ്ട് പോകുന്ന ഫീലാണ് വിഷ്ണു വിജയ്‌യുടെ സംഗീതം നല്‍കുന്നത്. മാസ് ബി.ജി.എമ്മുകളെക്കാള്‍ പ്രേക്ഷകരില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ പ്രയാസം ഇത്തരം മ്യൂസിക്കാണ്.
ബെത്‌ലഹേമില്‍ വിഷ്ണു വിജയ് മാജിക് എടുത്തറിഞ്ഞ മറ്റൊരു പോര്‍ഷന്‍ ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ്. നിവിന്റെ കഥാപാത്രം കാറില്‍ കയറിയതിന് ശേഷം മമിതയുടെ ഫോട്ടോ നോക്കുന്ന സമയത്ത് ഒരു മൊണ്ടാഷ് കാണിക്കുന്നുണ്ട്. വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ പോര്‍ഷനില്‍ നല്‍കിയ ബി.ജി.എമ്മും അതിമനോഹരമായിരുന്നു.
ഫീല്‍ ഗുഡ് ഴോണറില്‍ മനസിന് കുളിര്‍മയേകുന്ന സംഗീതം നല്‍കുന്ന സംഗീത സംവിധായകര്‍ കുറവാണ്. വിദ്യാസാഗര്‍, ഔസേപ്പച്ചന്‍ തുടങ്ങി ലെജന്‍ഡുകളുടെ ലിസ്റ്റിലേക്ക് വിഷ്ണു വിജയ്‌യുടെ പേര് ധൈര്യമായി എഴുതിച്ചേര്‍ക്കാം. ‘A Vishnu Vijay Musical’ എന്ന ടൈറ്റില്‍ ഇന്ന് പല സിനിമാപ്രേമികള്‍ക്കും മിനിമം ഗ്യാരണ്ടി നല്‍കുന്ന ഒന്നാണ്.
Content Highlight: Vishnu Vijay’s music gives good impact in Bethlehem Kudumba Unit movie