| Wednesday, 19th August 2026, 1:36 pm

ഒരു യമണ്ടൻ പ്രേമകഥയിലെ ആ കഥാപാത്രത്തോട് എനിക്ക് വൈകാരിക ബന്ധമുണ്ട്, വസ്ത്രധാരണത്തിൽ പോലും അദ്ദേഹവുമായി സാമ്യമുണ്ടായിരുന്നു: വിഷ്ണു ഉണ്ണികൃഷ്ണൻ

നന്ദന. ടി

സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. 2015-ൽ നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിനുവേണ്ടി ബിബിൻ ജോർജുമൊത്ത് അദ്ദേഹം ആദ്യമായി തിരക്കഥയെഴുതുകയും ചെയ്തു. പിന്നീട് വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്രകഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധ നേടി.

തുടർന്ന് ഒരു പഴയ ബോംബ് കഥ, ശിക്കാരി ശംഭു, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. റേഡിയോ സുനോ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച ടെനി എന്ന അന്ധനായ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ.

വിഷ്ണു ഉണ്ണികൃഷ്ണൻ. Photo. Screen grab/ Youtube

ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച ടെനി സെബാസ്റ്റ്യൻ എന്ന അന്ധനായ കഥാപാത്രത്തിന്റെ സിനിമയിലെ അഭിനയം കണ്ടിട്ട്, തന്റെ കാഴ്ചപരിമിതിയുള്ള സഹോദരന്റെ അതേ മാനറിസം പോലെ ഉണ്ടായിരുന്നു എന്ന് ഒരാൾ വിളിച്ച് പറഞ്ഞ അനുഭവം ഓർത്തെടുക്കുകയാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

‘ഒരു യമണ്ടൻ പ്രേമകഥ യിലെ ഞാൻ അവതരിപ്പിച്ച ടെനി സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ കണ്ടിട്ട് ഒരു ദിവസം എന്നെ ഒരാൾ വിളിച്ചു. അദ്ദേഹം പറഞ്ഞത് തന്റെ സഹോദരനും ഇതുപോലെ കാഴ്ചയില്ലാത്ത ഒരാളായിരുന്നു എന്നാണ്. സിനിമ കണ്ടപ്പോൾ സഹോദരന്റെ അതേ മാനറിസം തന്നെയായിരുന്നു, കറക്റ്റ് അതുപോലെ തന്നെയുണ്ട്, നിങ്ങൾ റിയൽ ആയിട്ടാണ് ആ കഥാപാത്രം ചെയ്തത് എന്ന് അദ്ദേഹം അഭിനന്ദിച്ചു.

ചിത്രത്തിൽ താൻ അവതരിപ്പിച്ച ആ കഥാപാത്രത്തോടുള്ള വൈകാരിക ബന്ധം തുറന്നു പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തന്റെ കോളേജ് പഠനകാലത്ത് പരിചയമുണ്ടായിരുന്നതും ഇപ്പോൾ മരിച്ചുപോയതുമായ, കാഴ്ചപരിമിതിയുള്ള ടിമി സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ വസ്ത്രധാരണം അടക്കമുള്ള കാര്യങ്ങൾ ആ കഥാപാത്രവുമായി ഏറെ സാമ്യമുള്ളതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘സിനിമയിലെ ആ കഥാപാത്രത്തോട് എനിക്ക് വ്യക്തിപരമായി ഒരു ഇമോഷണൽ കണക്ഷനുണ്ട്. ഞാൻ പണ്ട് മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ടിമി ചേട്ടൻ എന്നൊരാളെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഴുവൻ പേര് ടിമി സെബാസ്റ്റ്യൻ എന്നായിരുന്നു, ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ടെനി സെബാസ്റ്റ്യൻ എന്നായിരുന്നു. കൂടാതെ അദ്ദേഹവും കാഴ്ചപരിമിതിയുള്ള ഒരാളായിരുന്നു.

അതുകൊണ്ട് അദ്ദേഹത്തിന്റെ മാനറിസം, ഡ്രസ്സ് കോഡ്, അദ്ദേഹത്തിന്റെ ബെൽറ്റ് എപ്പോഴും സൈഡിലേക്കാണ് ഇടാറുള്ളത്, അതൊക്കെ ഞാൻ ആ കഥാപാത്രത്തിന് വേണ്ടി റെഫറൻസ് ആയി ഉപയോഗിച്ചു. അദ്ദേഹം ഇപ്പോൾ ഇല്ല, കൊറോണ സമയത്ത് ടിമി ചേട്ടൻ മരിച്ചുപോയി.

അപ്പോൾ നമുക്ക് അറിയാതൊരാൾ ഇങ്ങനെ വന്ന് ഞാൻ ചെയ്ത കഥാപാത്രത്തെ കണ്ടിട്ട് തന്റെ സഹോദരനെപ്പോലെ ഉണ്ട് എന്ന് പറഞ്ഞപ്പോഴൊക്കെ എനിക്കൊരു അവാർഡ് കിട്ടിയ ഫീലായിരുന്നു. അതുകൊണ്ട് സിനിമയിലെ ഈ കഥാപാത്രത്തിന് കിട്ടുന്ന എല്ലാ ക്രെഡിറ്റും ശരിക്കും ഞാൻ ടിമി ചേട്ടനാണ് സമർപ്പിക്കുന്നത്,’ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒരു യമണ്ടൻ പ്രേമകഥ. IMDb

Content Highlight: Vishnu unnikrishnan shares his emotional connection with blind character he played in  Oru Yamandan Premakadha
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more