ടോം ഇമ്മട്ടി സംവിധാനം ചെയ്ത് 2017ല് പുറത്തിറങ്ങിയ പൊളിറ്റിക്കല് ത്രില്ലറായ ഒരു മെക്സിക്കന് അപാരത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്ക്കിടയില് ശ്രദ്ധേയനായ അഭിനേതാവാണ് വിഷ്ണു ഗോവിന്ദന്. അഭിനയത്തിന് പുറമെ വിഷ്ണു വിനയിയും ജോജു ജോര്ജും പ്രധാനവേഷത്തിലെത്തിയ ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ സംവിധായകനായും വിഷ്ണു ശ്രദ്ധിക്കപ്പെട്ടിരുന്നു. തല്ലുമാല എന്ന ഹിറ്റ് ടൊവിനോ ചിത്രത്തില് സൗണ്ട് ഡിസൈനറായി പ്രവര്ത്തിച്ച വിഷ്ണു പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റര് ആന്ഡ് മിസിസ് റൗഡി, അറ്റന്ഷന് പ്ലീസ്, നിധിയും ഭൂതവും തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് 2023ല് പുറത്തിറങ്ങിയ ജിഗര്ത്തണ്ട ഡബിള് എക്സിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. അടുത്തിടെ തിയേറ്ററുകളിലെത്തിയ ബത്തയിലും വിഷ്ണു പ്രധാനവേഷത്തിലെത്തിയിരുന്നു. ബാലാജി സംവിധാനം ചെയ്ത് വിജയ് സേതുപതി പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് തിയേറ്ററുകളില് നിന്നും ലഭിക്കുന്നത്.
വിഷ്ണു ഗോവിന്ദന്. Photo: X.com
ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തില് സംസാരിക്കവെ മലയാളത്തിലും തമിഴിലും കള്ട്ട് സിനിമകളുടെ ഭാഗമാകാന് സാധിച്ചതിനെ കുറിച്ച് വിഷ്ണു ഗോവിന്ദന് പറഞ്ഞ വാക്കുകളാണ് സോഷ്യല് മീഡിയയില് ശ്രദ്ധിക്കപ്പെടുന്നത്.
‘ബത്തയുടെ റിവ്യൂസില് ഏറ്റവും കൂടുതല് കാണുന്ന കാര്യമാണ് കോളിവുഡ് ഈസ് ഹീലിങ് എന്നത്. അത് വളരെ അഭിമാനത്തോടെയാണ് നമ്മള് നോക്കിക്കാണുന്നത്. കാരണം എന്റെ മാനിഫെസ്റ്റേഷനിലുള്ള ഒരു കാര്യം എന്ന് പറയുന്നത് കള്ട്ട് സിനിമകളുടെ ഭാഗമാകുക എന്നതാണ്. ഞാന് സിനിമയിലേക്കെത്തണം എന്ന് അതിയായി ആഗ്രഹിച്ച സമയത്താണ് തമിഴ് സിനിമയുടെ പീക്ക് എന്ന് പറയുന്നത്. പിസയുമായി കാര്ത്തിക് സുബ്ബരാജിന്റെ വരവ്, നളന് കുമാരസ്വാമിയുടെ വരവ്, ത്യാഗരാജന് കുമാരരാജയുടെ വരവ് എല്ലാം അപ്പോഴാണ് സംഭവിക്കുന്നത്.
ബത്ത. Photo: X.com
എന്റെ ആദ്യത്തെ ബ്രേക്കായ മെക്സിക്കന് അപാരത സംഭവിക്കുമ്പോള് തന്നെ ഇപ്പുറത്ത് കള്ട്ടായിട്ട് അങ്കമാലി സംഭവിക്കുന്നുണ്ട്. അവിടെ നിന്നും ഒരു പുതിയ വേവ് അല്ലെങ്കില് മാറ്റങ്ങളുണ്ടാകുന്ന സമയമായിരുന്നു. മലയാളത്തില് ഒരു പുതിയ വേവിന്റെ തുടക്കത്തില് ഒരു എന്ട്രി കിട്ടിയത് ഭാഗ്യമായി ഞാന് കാണുന്നുണ്ട്. അതുപോലെ തന്നെ കോളിവുഡ് ഈസ് ഹീലിങ് എന്ന് പറയുന്ന ഒരു സമയത്തും എനിക്കതിന്റെ ചെറിയ ഭാഗമാകാന് സാധിച്ചതില് ഒരുപാട് സന്തോഷമുണ്ട്,’ വിഷ്ണു പറഞ്ഞു.
Content Highlight: Vishnu Govindan talks about being a part of Cult films