ഡൊറോത്തിക്ക് ശേഷം തമിഴ് സിനിമ ഇൻഡസ്ട്രിയുടെ ഗ്രാഫ് ഉയർത്തിയ ചിത്രമാണ് ബത്ത. വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത കോമഡി-ഡ്രാമ ഴോണറിലുള്ള ചിത്രമാണിത്. വിജയ് സേതുപതിയ്ക്ക് പുറമെ മാസ്റ്റർ സായി പൃഥ്വിരാജ്, ലിജോമോൾ, വിഷ്ണു ഗോവിന്ദൻ തുടങ്ങിയവരാണ് മറ്റ് പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തത്. ഒക്ടോബർ 1ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ നെറ്ഫ്ലിക്സിലൂടെ ഒ.ടി.ടി. റിലീസായിരിക്കുകയാണ്.
ചിത്രത്തിൽ വിജയ് സേതുപതിയുടെ വലംകൈയായ ദില്ലി എന്ന ഗുണ്ടയായാണ് വിഷ്ണു ഗോവിന്ദന് വേഷമിട്ടത്. അതിഗംഭീര പെർഫോമൻസായിരുന്നു നടൻ കാഴ്ച വെച്ചത്. സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് മാസ്റ്റർ സായി പൃഥ്വിരാജിന്റെ ശബരി. മക്കൾ സെൽവനോടൊപ്പം മത്സരിച്ചഭിനയിക്കുന്ന പ്രകടനമായിരുന്നു സായിയുടേത്. ഇപ്പോഴിതാ ദി ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് സായിയുടെ പ്രകടനത്തെ പറ്റി വിഷ്ണു സംസാരിച്ചത്.
‘അവന്റെ സീൻ ഷൂട്ട് ചെയ്യുന്ന ദിവസം ഞങ്ങൾക്ക് ഷൂട്ടുണ്ടായിരുന്നില്ല. ഞങ്ങൾക്കത് നേരിട്ട് കാണാൻ പറ്റിയുണ്ടായിരുന്നില്ല. രണ്ട് മൾട്ടി ക്യാമിൽ എടുത്ത ഷോട്ടായിരുന്നു അത്. സിംഗിൾ ഷോട്ടായിരുന്നു. അവന്റെ ആദ്യത്തെ പെർഫോമൻസാണത്.
ബത്തയിലെ രംഗം.Photo.Screen Grab/Yotube.com
എന്നെ ഞെട്ടിച്ചൊരു പരിപാടി എന്താണെന്ന് വെച്ചാൽ, അവരന്ന് അവനെ സ്ട്രെയിൻ ചെയ്യിക്കണ്ടല്ലോ വെച്ചിട്ട് രണ്ട് ദിവസമായിട്ടാണ് പ്ലാൻ ചെയ്തത്. പക്ഷേ ഇവൻ വന്ന് പുട്ട് പോലെ ചെയ്തു. അത് പിന്നെ വൈഡും സേതു സാറിന്റെ ഷോട്ട് ഒക്കെ ഉള്ളതുകൊണ്ട് സിംഗിൾ ഷോട്ടായിട്ട് ഫീൽ ചെയ്യാത്തതാണ്,’ വിഷ്ണു പറഞ്ഞു.
അവൻ സിനിമ ആഗ്രഹിച്ച് വന്നതല്ലെന്നും അവന്റെ ചേച്ചിയുടെ കൂടെ ഓഡിഷന് വന്നപ്പോൾ സംവിധായകന് ഇഷ്ടപ്പെടുകയും പിറ്റേന്ന് അവനെ കൊണ്ട് ഓഡിഷന് വരണമെന്ന് അമ്മയോട് പറയുകയായിരുന്നുവെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
‘ലിജോയുടെയും സേതു സാറിന്റെയും മകളായിട്ടുള്ള ക്യാരക്ടറിന് ഓഡിഷന് വന്നതാണ് അവന്റെ ചേച്ചി. അപ്പോൾ പുള്ളിക്കാരിക്ക് പ്രായം കുറവായിട്ടുള്ളതുകൊണ്ട് സെലക്ഷൻ കിട്ടിയില്ല. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ പറ്റാത്തതുകൊണ്ട് അമ്മയുടെ കൂടെ വന്നതാണ് ഇവൻ. സാർ ഇവനെ കണ്ടിട്ട് അമ്മയുടെ അടുത്ത് ചോദിച്ചു, അടുത്ത ദിവസം അവനെ ഒന്ന് ഓഡിഷൻ കൊണ്ടുവരാമോ എന്ന്.
ഇവന് അഭിനയിച്ച് പരിചയമൊന്നുമില്ലെന്ന് അമ്മ പറഞ്ഞിരുന്നു. സാർ അത് കുഴപ്പമില്ലെന്നൊക്കെ പറഞ്ഞു. അങ്ങനെയാണ് അവനെ കൊണ്ടുവന്നത്. സാറിനറിയാമായിരുന്നു ഇവനിൽ നിന്ന് ഒരു പരിപാടി സെറ്റ് ചെയ്തെടുക്കാമെന്നുള്ളത്. സിനിമയുടെ ഒരു എ.ബി.സി.ഡി അറിയാത്ത ഒരാളെകൊണ്ട് ഓസ്കാർ വർത്തി പെർഫോമൻസ് ചെയ്യിച്ചെടുത്തു എന്നുള്ളത് ഒരു ഫിലിം മേക്കർ എന്നുള്ള രീതിയിലും ആക്ടർ എന്നുള്ള രീതിയിലും അത് നമുക്ക് ഭയങ്കര ലെസൺ ആണ്,’ വിഷ്ണു പറഞ്ഞു.
തിയേറ്ററിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് ഒ.ടി.ടിയിലും ഗംഭീര പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്. എങ്കിലും ഡൊറോത്തി പോലെ തന്നെ തമിഴ്നാട്ടിൽ നിന്നും മികച്ച കളക്ഷൻ നേടാൻ സിനിമക്ക് കഴിഞ്ഞിരുന്നില്ല.
Content Highlight: Vishnu Govindan stated that he had come along with his elder sister for an audition and had been selected for the role right away.