| Sunday, 21st June 2026, 10:25 am

ഡയലോഗ് തെറ്റിയാല്‍ പുതുമുഖമായ എന്നോട് സോറി സര്‍ എന്ന് പറയും; ഇന്ദ്രന്‍സുമായുള്ള അനുഭവം പങ്കുവെച്ച് വിഷ്ണു അഗസ്ത്യ

അശ്വിന്‍ രാജേന്ദ്രന്‍

2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിഷ്ണു അഗസ്ത്യ. ചെറിയ റോളുകളിലൂടെയെങ്കിലും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ ആര്‍.ഡി.എക്‌സിലൂടെയും റൈഫിള്‍ ക്ലബിലൂടെയുമാണ് വിഷ്ണു പ്രേക്ഷകര്‍ക്ക് പരിചിതനാവുന്നത്.

വിഷ്ണുവിന്റെ അരങ്ങേറ്റ ചിത്രമായ വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തില്‍ നായകനായി വേഷമിട്ടത് ഇന്ദ്രന്‍സായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടാനായിരുന്നു. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന ഇന്ദ്രന്‍സിന്റെ കരിയറില്‍ ടേണിങ് പോയന്റായ ചിത്രവും ആളൊരുക്കമായിരുന്നു.

ആളൊരുക്കം. Photo: Prime Video

ആളൊരുക്കത്തില്‍ ഇന്ദ്രന്‍സിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച വിഷ്ണുവിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ച് തിയേറ്ററുകളിലെത്തിയ ചിന്ന ചിന്ന ആസൈ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇന്ദ്രന്‍സേട്ടന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ആളൊരുക്കത്തില്‍ ഞാന്‍ പുതിയ ആളായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. അതില്‍ അദ്ദേഹത്തിന്റെ ഓപ്പോസിറ്റായി ഡയലോഗ് പറയുന്ന സീനുണ്ട്. സീനില്‍ എന്റെ ഷോള്‍ഡറില്‍ അദ്ദേഹത്തിന്റെ ഫേസ് വെച്ചതിന് ശേഷം പരസ്പരം സംസാരിക്കുന്ന രംഗമാണത്.

ഡയലോഗ് പറയുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഡയലോഗ് തെറ്റിക്കഴിഞ്ഞാല്‍ എന്നോട് സോറി സാര്‍ എന്ന് പറയും. ഞാനത് കേട്ടിട്ട് ഞെട്ടിപ്പോയി. അദ്ദേഹം ഭയങ്കര പ്രൊഫഷണലാണ്. എല്ലാവരും തൊഴിലെടുക്കാന്‍ വന്നതാണ് എന്ന ബഹുമാനം ചുറ്റുമുള്ള എല്ലാ മനുഷ്യര്‍ക്കും കൊടുക്കാന്‍ പറ്റുന്ന ആളാണ് അദ്ദഹം,’ വിഷ്ണു അഗസ്ത്യ പറഞ്ഞു.

ചിന്ന ചിന്ന ആസൈ. Photo: X.com

വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചിന്ന ചിന്ന ആസൈ. ഇന്ദ്രന്‍സിന്റെ നായികയായി മധുബാല എത്തുന്ന ചിത്രം വാരണാസിയെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ അപര്‍ണ ബാലമുരളി, തമ്പി രാമയ്യ, ജാഫര്‍ സാദിഖ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Vishnu Agasthya talks about his experience with Indrans in Aalorukkum Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more