തമിഴിലെ മികച്ച താരങ്ങളിലൊരാളാണ് വിശാല്‍. റോം കോം ചിത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ആക്ഷന്‍ റോളിലേക്ക് ചുവടുമാറ്റിയ താരം വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടി. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങളിലെ അനായാസത കൊണ്ടും തമിഴിന് പുറത്തും വിശാല്‍ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അടുത്തിടെ പ്രഖ്യാപിച്ച മകുടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ വിശാലും സംവിധായകനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ചിത്രത്തിന്റെ സംവിധാന ചുമതല വിശാല്‍ ഏറ്റെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ഇപ്പോഴിതാ വിശാല്‍ തന്നെ മകുടം സംവിധാനം ചെയ്യുന്നുവെന്ന തരത്തില്‍ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തമിഴ് സിനിമാപേജുകളില്‍ ഇപ്പോള്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. സംവിധായകന്‍ രവി അരസുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് ഇതിന് പിന്നാലെയെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്.
ഇതാദ്യമായല്ല സംവിധായകരുമായി വിശാല്‍ കൊമ്പുകോര്‍ക്കുന്നത്. തുപ്പരിവാലന്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ വിശാലും മിഷ്‌കിനും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. ഇതിന് പിന്നാലെ മിഷ്‌കിന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയത് വലിയ വാര്‍ത്തയായി. മിഷ്‌കിന്‍ വിശാലിന് എന്‍.ഓ.സി നല്കാത്തതും പിന്നാലെ മിഷ്‌കിനും വിശാലും തമ്മിലുള്ള പോരാട്ടവുമെല്ലാം ചര്‍ച്ചാവിഷയമായി മാറി.
വിദേശ രാജ്യങ്ങളിലെല്ലാം ചിത്രീകരിച്ച തുപ്പരിവാലന്‍ 2വിന്റെ ഷൂട്ട് അവസാനിക്കാറായപ്പോഴായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നമുടലെടുത്തത്. പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു മിഷ്‌കിനും വിശാലും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്. 90 ശതമാനവും ചിത്രീകരണം പൂര്‍ത്തിയായ തുപ്പരിവാലന്‍ 2 ഇന്നും പെട്ടിയിലാണ്.
ഇപ്പോഴിതാ മറ്റൊരു സംവിധായകനുമായി വിശാല്‍ പ്രശ്‌നമുണ്ടാക്കിയത് ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്. വിശാലിന്റെ കരിയറിനെ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മൂന്ന് ഗെറ്റപ്പിലാണ് വിശാല്‍ മകുടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജി.വി. പ്രകാശ് സംഗീതം നല്‍കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Vishal take the direction duty of Magudam movie after creative difference with director