| Friday, 10th August 2012, 11:42 am

വിശാല്‍ വധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: വിശാല്‍ വധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. ആലപ്പുഴ പുന്തല സ്വദേശി ഷമീര്‍ റാവുത്തരാണ് പിടിയിലായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് കവാടത്തില്‍ നടന്ന എ.ബി.വി.പി സംഘര്‍ഷത്തിലാണ് എ.ബി.വി.പി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാല്‍ കുമാറിന് (19)കുത്തേറ്റത്. []

കുത്തേറ്റ വിശാല്‍ ഇടപ്പളളി അമൃതാ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. കേസില്‍ മൊത്തം 15 പ്രതികളാണ് ഉളളത്. പ്രതികളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നാണ് സൂചന.

അതേസമയം, പിടിയിലായ ആള്‍ക്ക് സംഘടനയുമായി ബന്ധമില്ല എന്നും ഇയാള്‍ എന്‍.ഡി.എഫ് മേഖലാ ക്യാപ്റ്റനാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റാണ് വിശാല്‍ മരിച്ചത്. അക്രമം നടന്ന ദിവസം ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്ത് പ്രവേശനകവാടത്തിന് താഴെ പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് സരസ്വതി പൂജ നടത്താന്‍ തയാറെടുത്തിരുന്നു.

സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വെച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്.  ഇതുമായി ബന്ധപ്പെട്ട കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്.

We use cookies to give you the best possible experience. Learn more