| Thursday, 5th February 2026, 12:08 pm

പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നമ്മളാരാണ്, അദ്ദേഹമൊരു ഇതിഹാസമാണ്; ചത്താ പച്ചയിലെ കാമിയോയെക്കുറിച്ച് വിശാഖ് നായര്‍

അശ്വിന്‍ രാജേന്ദ്രന്‍

അടുത്തിടെ തിയേറ്ററുകളിലെത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രമായിരുന്നു അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച. റിങ് റെസ്‌ലിങ് കോംപറ്റീഷ്യനായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയര്‍ന്നത് ക്ലൈമാക്‌സില്‍ കാമിയോ റോളില്‍ എത്തിയ മമ്മൂട്ടി അവതരിപ്പിച്ച ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു.

കഥാപാത്രത്തിന്റെ വേഷവിധാനവും സ്ലാങ്ങുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മമ്മൂട്ടിക്കെതിരെ ട്രോളുകള്‍ ഉയര്‍ന്നത്. എന്നാല്‍ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് നടന്‍ വിശാഖ് നായര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മിര്‍ച്ചി മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ ചെറിയാന്‍ എന്ന വില്ലന്‍ വേഷം കൈകാര്യം ചെയ്ത വിശാഖ് മമ്മൂട്ടിയെക്കുറിച്ചും താരം അവതരിപ്പിച്ച വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചത്.

ചത്താ പച്ച. Photo: Pinkvilla

‘മമ്മൂക്ക നീതി പുലര്‍ത്തിയത് ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രത്തോടാണ്. വളരെ ബോള്‍ഡായിട്ടുള്ള ചോയ്‌സാണത്. കഥാപാത്രത്തോടുള്ള ആകാംക്ഷയാണ് അദ്ദേഹത്തെ ആ കഥാപാത്രം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ തന്നെ മൂന്ന് നാല് വിധം ഡയലെക്ട്‌സ് ഉണ്ട്. അതില്‍ മമ്മൂക്ക പറഞ്ഞത് നമുക്ക് കേട്ട് പരിചയമില്ലാത്ത സ്ലാങ് ആയതുകൊണ്ടാണ് അങ്ങനെയൊരു റിയാക്ഷന്‍ വന്നത്.

അദ്ദേഹത്തിന്റെ ധൈര്യത്തിനുള്ള തെളിവാണ് ആ കഥാപാത്രം സൂചിപ്പിക്കുന്നത്. വിമര്‍ശനങ്ങള്‍ എന്തായാലും വരും, അതിനെ ആ ഒരു സെന്‍സില്‍ മാത്രം എടുത്താല്‍ മതി. എന്നുവെച്ച് പടം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. പല തിയേറ്ററുകളിലും ഞങ്ങള്‍ പോയി കണ്ടതാണ്, മമ്മൂക്ക വരുന്ന രംഗങ്ങളില്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കുന്നത്,’ വിശാഖ് പറയുന്നു.

മമ്മൂട്ടിയുടെ എന്‍ട്രി സീനില്‍ അത്രയും നേരം ലഭിച്ചതിനെക്കാള്‍ എത്രയോ മടങ്ങ് അധികം ഇംപാക്ട് ലഭിച്ചിട്ടുണ്ടെന്നും അതാണ് അദ്ദേഹത്തിന്റെ പവറെന്നും താരം പറഞ്ഞു. എല്ലാത്തിനും പുറമെ പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നമ്മളാരാണെന്നും അദ്ദേഹമൊരു ലെജന്‍ഡാണെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി ചിത്രത്തില്‍. Photo: Mango Malayalam/ x.com

അതേസമയം ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ മമ്മൂട്ടി തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതും ചര്‍ച്ചയായിരുന്നു. സംവിധായകന്‍ പറഞ്ഞത് പോലെ താന്‍ ചെയ്‌തെന്നും നല്ലതായാലും മോശമായാലും തനിക്ക് പങ്കില്ലെന്നായിരുന്നു താരം തമാശയോടെ പറഞ്ഞത്.

Content Highlight: Vishakh Nair talks about Mammootty’s cameo in Chatha pacha

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more