| Thursday, 22nd January 2026, 8:21 pm

വാള്‍ട്ടറിനെ സാക്ഷിയാക്കി തീപാറിച്ച് ചെറിയാന്‍; ചത്താ പച്ചയില്‍ കൈയ്യടി നേടി വിശാഖ് നായര്‍

അശ്വിന്‍ രാജേന്ദ്രന്‍

മമ്മൂട്ടിയായി വാള്‍ട്ടറെത്തുന്നുവെന്ന വാര്‍ത്തയോടെ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ചത്താ പച്ച. കാത്തിരിപ്പിന്റെ ആവേശം ഒട്ടും ചോരാതെ തന്നെയാണ് സംവിധായകന്‍ അദ്വൈത് നായര്‍ ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് കണ്ടിറങ്ങിയ ഓരോരുത്തരുടെയും പ്രതികരണം. ടെലിവിഷന്‍ ഷോകളില്‍ മാത്രം കണ്ട് പരിചയിച്ചിട്ടുള്ള റിങ് ഗുസ്തിയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം മികച്ച ദൃശ്യ വിരുന്നാണ് പ്രേക്ഷകര്‍ക്ക് ഒരുക്കിയത്.

ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ചത്താ പച്ചയില്‍ പ്രതിനായക വേഷം കൈകാര്യം ചെയ്ത വിശാഖ് നായരുടെത്.

Photo: Theatrical poster

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മറ്റുള്ളവരുടെ പരിഹാസത്തിനും അപമാനത്തിനും പാത്രമാകുന്ന വിശാഖ് അവതരിപ്പിച്ച ചെറിയാന്‍ എന്ന കഥാപാത്രം രണ്ടാം പകുതിയില്‍ നായക കഥാപാത്രങ്ങളെ ഒറ്റക്ക് നേരിടുന്നത് കാണാം. മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടറിന്റെ കഥാപാത്രം ഗാട്ടാ ഗുസ്തിയില്‍ മലര്‍ത്തിയടിക്കുന്ന തന്റെ അച്ഛനെ വീണ്ടും സന്തോഷവാനാക്കാന്‍ എന്ത് നെറികേടും കാണിക്കാന്‍ മടിയില്ലാത്തവനായാണ് ചെറിയാന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ പകുതിയില്‍ തന്റെ അംഗരക്ഷകര്‍ക്കൊപ്പം മേഘത്തിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ വന്ന് പോകുന്ന ചെറിയാന്‍ രണ്ടാം പകുതിയിലാണ് തന്റെ യഥാര്‍ത്ഥ സ്വരൂപം പുറത്തെടുക്കുന്നത്. രണ്ടാം പകുതിയില്‍ റോഷന്‍ മാത്യു അവതരിപ്പിച്ച വെട്രി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെ ചെറിയാനും മറ്റൊരു ട്രാക്കിലേക്ക് മാറുന്നത് കാണാം.

പിന്നീട് ഉറ്റസുഹൃത്തുക്കളെ തമ്മിലടിപ്പിക്കുന്ന നാരദ വേഷം കൈകാര്യം ചെയ്യുന്ന ചെറിയാന്‍ തന്റെ എല്ലാ വഴികളും അടഞ്ഞെന്ന സാഹചര്യത്തില്‍ കഴ്ച്ചവെക്കുന്ന ഫൈറ്റില്‍ കഥാപാത്രത്തിന്റെ ആഴം വ്യക്തമാകുന്നുണ്ട്. ഇതില്‍ എടുത്ത് പറയേണ്ടത് താരത്തിന്റെ ഫിസിക്ക് ആണ്. റിങ്ങില്‍ കയറി ഷര്‍ട്ടഴിച്ച് എതിരാളിയെ വെല്ലുവിളിക്കുന്ന ചെറിയാന്റെ സിക്‌സ് പാക്കും ശരീര ഘടനയും തിയേറ്ററില്‍ കൈയ്യടി വാങ്ങുന്നു.

Photo: T series

അത്രയും നേരം ചെറിയാനെ കാണുമ്പോള്‍ ചിരി പൊട്ടിയ പ്രേക്ഷകന്റെ മുഖത്ത് നിമിഷങ്ങള്‍ക്കകം ഭീതി പരത്താന്‍ വിശാഖ് നായരുടെ ശരീര പ്രകൃതി വലിയ പങ്ക് വഹിക്കുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന ഫൈറ്റിലും വാള്‍ട്ടറിനെ സാക്ഷിയാക്കി അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സാവിക്കെതിരെ കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടന രംഗങ്ങളാണ് വിശാഖ് പുറത്തെടുക്കുന്നത്.

ചത്താ പച്ചക്ക് വേണ്ടി മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് താരങ്ങള്‍ നേരത്തേ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന രീതിയിലായിരുന്നു വിശാഖ് അടക്കം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ച്ചവെച്ച പ്രകടനം. മലയാളത്തില്‍ മുമ്പ് കാണാത്ത വിധത്തിലുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്.

Content Highlight: Vishak nayar’s performance in chatha pacha gets appreciation

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more