ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖ് നായര്‍. അദ്വൈത് നായര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചത്താ പച്ചയില്‍ ചെറിയാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വിശാഖ് ശ്രദ്ധ നേടിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുക്കിയ ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത താരം വലിയ പ്രശംസ നേടിയിരുന്നു.
Photo: OTT play
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ്ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്രായത്തില്‍ മരിച്ചുപോയ തന്റെ സഹോദരനെക്കുറിച്ചുളള ഓര്‍മകളാണ് അഭിമുഖത്തില്‍ താരം പങ്കുവെച്ചത്. ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വധീനിച്ച കാര്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിശാഖ്.
‘എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് എന്റെ സഹോദരനായിരുന്നു. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ചെറിയ ഡി.വി ക്യാമില്‍ സിനിമ പിടിച്ച് തുടങ്ങിയതെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അന്ന് ഡബ്ല്യൂ.ഡബ്ല്യൂ.ഇ മാച്ചസും ഞങ്ങള്‍ കാണുന്ന സിനിമകളുമെല്ലാം ബെഡിലും വീടിന്റെ പരിസരത്തുമായി ഞങ്ങളുടെ വേര്‍ഷന്‍ റീക്രിയേറ്റ് ചെയ്യാറുണ്ടായിരുന്നു.
എനിക്ക് ഒരു പതിനഞ്ച് പതിനാറ് വയസ്സുള്ളപ്പോള്‍ അവന്‍ മരിച്ചുപോയി. ആ സംഭവത്തിന് ശേഷം ഞാന്‍ കുറച്ച് ഡൗണ്‍ ആയിരുന്നു. അതില്‍ നിന്ന് ഒന്ന് പുറത്തുവരാനായിട്ട് ഫ്രണ്ട്‌സ് എല്ലാവരും കൂടെ വന്നിട്ട് മച്ചാ നമുക്ക് ഒരു പടം പിടിക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ ഒരു ചെറിയ സിനിമ ചെയ്തു. ലെവന്‍ത്ത് ഗ്രേഡില്‍ ആനുവല്‍ ഡേയുടെ അന്ന് ഷൂട്ട് ചെയ്ത പടം കാണിക്കാന്‍ പറ്റി.
സ്റ്റുഡന്‍സ് അടക്കം അഞ്ഞൂറോളം പേരുണ്ടായിരുന്നു കാഴ്ച്ചക്കാരായിട്ട്. ഒന്നരമണിക്കൂറുള്ള സിനിമ കണ്ട് കഴിഞ്ഞതും എല്ലാവരുടെയും ചിരിയും കൈയ്യടിയും കരച്ചിലുമെല്ലാം കണ്ട് കഴിഞ്ഞപ്പോള്‍ തോന്നിയതാണ് ഈ സംഭവം കൊള്ളാം എന്നത്,’ വിശാഖ് പറയുന്നു.
അന്ന് തൊട്ട് ഈ നിമിഷം വരെ തനിക്ക് വേണ്ടി മാത്രമല്ല ജീവിച്ചതെന്നും തങ്ങള്‍ രണ്ടുപേര്‍ക്ക് വേണ്ടിയാണെന്നും വിശാഖ് പറയുന്നു. കാരണം തന്നെക്കാള്‍ തന്റെ സഹോദരനായിരുന്നു മികച്ച നടനും, ഡാന്‍സറും, പാട്ടുകാരനുമെല്ലാമെന്നും അതിനാലാണ് സിനിമയെ കരിയറായി കണ്ട് അവന് കൂടെ ഇഷ്ടമുള്ളത് ചെയ്യാമെന്ന തീരുമാനത്തിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
Photo: Cinema Express
ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന അതിഥി വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന ചത്താ പച്ചയില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യൂ, ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ലോകപ്രശസ്ത റെസ് ലിങ് ഷോയായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ യെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് കലൈ കിങ്‌സണാണ്.
Content Highlight: Vishak Nair talks about his late brother