| Monday, 14th July 2025, 2:39 pm

ഇരുപതിലധികം സിനിമകള്‍ ചെയ്‌തെങ്കിലും ഇപ്പോഴാണ് തൃപ്തിയറിഞ്ഞു തുടങ്ങിയത്: വിശാഖ് നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിശാഖ് നായര്‍. ആ സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.

മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ വിശാഖ് ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ താന്‍ ഇടയ്ക്ക് ശരിയായ വഴിയിലാണോയെന്ന് സംശയിച്ചിരുന്നുവെന്ന് പറയുകയാണ് നടന്‍. മലയാളത്തിലും അന്യഭാഷകളിലുമായി ഇരുപതിലധികം സിനിമകള്‍ ചെയ്തുവെങ്കിലും ഇപ്പോഴാണ് തൃപ്തിയറിഞ്ഞു തുടങ്ങിയതെന്നും വിശാഖ് നായര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇടയ്ക്ക് ശരിയായ വഴിയിലാണോ ഞാനെന്ന് സംശയിച്ചിരുന്നു. സിനിമയില്‍ കോമഡി കഥാപാത്രങ്ങളായി എത്തുന്നവരെ ഹാസ്യനടന്മാര്‍ എന്ന ലേബലില്‍ തളച്ചിടും. അവര്‍ക്ക് വ്യത്യസ്ത അവസരങ്ങള്‍ ലഭിക്കാതെയാവും.

ആന അലറലോടലറല്‍ എന്ന സിനിമയില്‍ ആന പാപ്പാന്റെ വേഷം ചെയ്തു. അതൊഴികെ എല്ലാം ഒരുപോലെ ആയിരുന്നു. എനിക്ക് ബോറടിച്ചു തുടങ്ങി. ഫോട്ടോഷൂട്ടിലൂടെയും പരസ്യചിത്രങ്ങളിലൂടെയുമാണ് സമീര്‍ താഹിറും ഷൈജു ഖാലിദും ഡിയര്‍ ഫ്രണ്ട് സിനിമയിലേക്ക് വിളിക്കുന്നത്.

എക്സിറ്റ് എന്ന സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. എന്നാലത് വേണ്ട രീതിയില്‍ ആളുകളിലേക്ക് എത്തിയില്ല. ഫൂട്ടേജും പരീക്ഷണ സിനിമയായിരുന്നു. എന്നാല്‍ അത് റിലീസ് ചെയ്ത സമയം മോശമായിപ്പോയി.

ഫൂട്ടേജിലെ പെര്‍ഫോമന്‍സ് കണ്ടാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലേക്ക് വിളിക്കുന്നത്. എനിക്ക് അത്തരം കഥാപാത്രങ്ങളും ചെയ്യാനാവുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് ഈ സിനിമയിലൂടെയാണ്. വൈകിയാണ് ഞാന്‍ ആ സിനിമയില്‍ എത്തുന്നത്.

എനിക്ക് തയ്യാറെടുക്കാന്‍ മൂന്നോ നാലോ ആഴ്ചയെ കിട്ടിയിരുന്നുള്ളൂ. ലഹരിക്ക് അടിമയായ, ഇടയ്ക്ക് ഇമോഷണന്‍ ഔട്ട്‌ബേഴ്സ്റ്റ് ഉള്ള കഥാപാത്രമാണ് ക്രിസ്റ്റി. ക്രിസ്റ്റിയുടെ ലുക്കും നടത്തവുമെല്ലാം മാര്‍ട്ടിന്‍ ചേട്ടന്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട്) പറഞ്ഞതിനനുസരിച്ച് ചെയ്തതാണ്.

ജയ് ഓസ എന്ന ഛായാഗ്രാഹകനെ മാതൃകയാക്കിയാണ് ക്രിസ്റ്റിയുടെ ലുക്ക് ചെയ്തിരിക്കുന്നത്. 2016ലാണ് സിനിമയിലെത്തിയത്. മലയാളത്തിലും അന്യഭാഷകളിലുമായി ഇരുപതിലധികം സിനിമകള്‍ ചെയ്തു. പക്ഷെ ഇപ്പോഴാണ് തൃപ്തിയറിഞ്ഞു തുടങ്ങിയത്,’ വിശാഖ് നായര്‍ പറയുന്നു.

Content Highlight: Vishak Nair Talks About His Films

We use cookies to give you the best possible experience. Learn more