| Sunday, 15th March 2026, 8:59 am

ഭിന്ദ്രാൻവാലെയുടെ കഥാപാത്രമെന്ന് കരുതി കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണി: വിശാഖ് നായർ

നന്ദന എം.സി

‘ആനന്ദം’ സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് വിശാഖ് നായർ. ഇപ്പോൾ ‘ചത്താ പച്ച’ എന്ന ചിത്രത്തിലെ ചെറിയാൻ എന്ന വില്ലൻ വേഷത്തിലൂടെ അഭിനയത്തിൽ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ് താരം.

വില്ലൻ കഥാപാത്രങ്ങളോടുള്ള ഇഷ്ടം തുറന്നു പറയുന്ന വിശാഖ് ഇപ്പോൾ മലയാളത്തിനൊപ്പം ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമാണ്.

ഇതിനിടയിൽ ഹിന്ദി സിനിമയായ ‘എമർജൻസി’യിൽ അഭിനയിച്ചതിനെ തുടർന്ന് തനിക്ക് വധഭീഷണികൾ നേരിട്ട അനുഭവം തുറന്നു പറയുകയാണ് വിശാഖ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എമർജൻസി, Photo: IMDb

‘എമർജൻസി’യിൽ ഞാൻ ജർണൈൽ സിംഗ് ഭിന്ദ്രാൻവാലെയുടെ കഥാപാത്രമാണ് ചെയ്യുന്നതെന്ന തരത്തിൽ ആദ്യം വാർത്തകൾ പ്രചരിച്ചു. അതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് പ്രൊഫൈലുകളിൽ നിന്ന് വധഭീഷണികൾ ലഭിക്കാൻ തുടങ്ങി. തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോകളായിരുന്നു പലരുടെയും പ്രൊഫൈൽ ചിത്രങ്ങൾ.

‘മുംബൈയിൽ കാലുകുത്തിയാൽ തട്ടിക്കളയും, കുടുംബത്തെ ഇല്ലാതാക്കും’ എന്ന തരത്തിലുള്ള ഭീഷണികൾ തുടർന്നപ്പോൾ പോലീസിൽ പരാതി നൽകി. വിഷയം കൂടുതൽ വഷളാകുമെന്ന് കണ്ടതോടെ സിനിമാ ടീം തന്നെ വിശദീകരണ പ്രസ്താവന പുറത്തിറക്കി. പിന്നീട് സഞ്ജയ് ഗാന്ധിയുടെ ലുക്കിലുള്ള എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതോടെ ഭീഷണികൾ അവസാനിച്ചു,’ വിശാഖ് പറഞ്ഞു.

വിശാഖ് നായർ, Photo: Vishak Nair/ Facebook

കങ്കണ റണൗട്ട് നായികയായെത്തിയ ‘എമർജൻസി’ എന്ന ചിത്രത്തിൽ സഞ്ജയ് ഗാന്ധിയെയാണ് വിശാഖ് നായർ അവതരിപ്പിച്ചത്. ആളുകൾ തെറ്റിദ്ധരിച്ചുകൊണ്ടാണ് ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നതെന്ന് വ്യക്തമാക്കി താരം സോഷ്യൽ മീഡിയയിലും പ്രതികരിച്ചിരുന്നു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വധഭീഷണികൾ ലഭിക്കുകയാണ്. ‘എമർജൻസി’ സിനിമയിൽ ഞാൻ ജർണൈൽ സിംഗ് ഭിന്ദ്രാൻവാലെയുടെ കഥാപാത്രമാണ് ചെയ്യുന്നതെന്ന തെറ്റിദ്ധാരണയിലാണ് ചിലർ ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നത്. എന്നാൽ ഞാൻ അവതരിപ്പിക്കുന്നത് സഞ്ജയ് ഗാന്ധിയുടെ വേഷമാണ്.

വെറുപ്പും വിദ്വേഷവും പരത്തുന്നതിന് മുമ്പ് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു,’ എന്നായിരുന്നു വിശാഖ് നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

1975ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണ് ‘എമർജൻസി’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, അന്തരിച്ച സതീഷ് കൗശിക് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: Vishak Nair talk about the movie Emergency

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more