| Sunday, 25th January 2026, 3:10 pm

10 വര്‍ഷം മുമ്പ് മമ്മൂക്ക എനിക്കൊരു ഉപദേശം തന്നിരുന്നു, ചത്താ പച്ചയുടെ സെറ്റില്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് ഒരൊറ്റ കാര്യം: വിശാഖ് നായര്‍

അമര്‍നാഥ് എം.

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്. 90s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയായ ഡബ്ല്യൂ. ഡബ്ല്യീ. ഇയെ ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചത്താ പച്ചയിലൂടെ വാള്‍ട്ടറിന്റെ പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ്.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചത്താ പച്ചയില്‍ വിശാഖ് നായരും ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചെറിയാന്‍ എന്ന നെഗറ്റീവ് കഥാപാത്രമായി ഗംഭീര പെര്‍ഫോമന്‍സാണ് വിശാഖ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ വിശാഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

സക്‌സസ് മീറ്റില്‍ സംസാരിക്കുന്നതിനിടെ ചത്താ പച്ചയില്‍ അതിഥിവേഷം ചെയ്ത മമ്മൂട്ടിയെക്കുറിച്ച് വിശാഖ് സംസാരിച്ചു. താന്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിച്ചത് പത്ത് വര്‍ഷം മുമ്പാണെന്ന് വിശാഖ് പറഞ്ഞു. തന്റെ രണ്ടാമത്തെ സിനിമ മമ്മൂട്ടിക്കൊപ്പമായിരുന്നെന്നും ഒരൊറ്റ സീനില്‍ തങ്ങള്‍ തമ്മില്‍ കോമ്പിനേഷനുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

പുത്തന്‍പണം എന്ന പടത്തില്‍ ഞാന്‍ നെഗറ്റീവ് ക്യാരക്ടറായിരുന്നു. ആ സിനിമയില്‍ മമ്മൂക്ക എന്നെ അടിച്ചിടുന്ന സീനുണ്ട്. ആദ്യമായിട്ടാണ് മമ്മൂക്കക്കൊപ്പം അഭിനയിക്കുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. ബ്രേക്കിന്റെ ഇടയില്‍ ഞാന്‍ മമ്മൂക്കയുമായി സംസാരിച്ചു. എന്റെ പേര് വിശാഖെന്നാണ്, ആനന്ദം എന്ന പടത്തില്‍ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.

ചെന്നൈയില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്നെന്നും ജോലി രാജിവെച്ച് ഫുള്‍ ടൈം സിനിമയിലേക്ക് ഇറങ്ങാന്‍ പ്ലാന്‍ ചെയ്യുകയാണെന്നും പറഞ്ഞു. ‘ജോലിയൊക്കെ രാജിവെച്ചല്ലേ. ഇത് ഭയങ്കര കോമ്പറ്റീഷനുള്ള ഫീല്‍ഡാണ്. പിടിച്ചുനില്‍ക്കാന്‍ ഭയങ്കര പാടാണ്. എന്തായാലും ഓള്‍ ദി ബെസ്റ്റ്’ എന്ന് മമ്മൂക്ക ഉപദേശിച്ചു. പിന്നീട് ഞങ്ങള്‍ ഒന്നിച്ചത് ചത്താ പച്ചയിലാണ്.

സെറ്റില്‍ വന്നപ്പോള്‍ മമ്മൂക്ക എന്നെ ദൂരെ നിന്നേ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ പുള്ളിയുടെ അടുത്തേക്ക് ചെന്നു. ‘ഞാന്‍ നിങ്ങളുടെ കൂടെ മുമ്പ് അഭിനയിച്ചിട്ടുണ്ട്. എന്നെ ഓര്‍മയുണ്ടോ’ എന്നായിരുന്നു ചോദിച്ചത്. വല്ലാത്തൊരു ഫീലായിരുന്നു മമ്മൂക്ക ആ ചോദ്യം ചോദിച്ചപ്പോള്‍,’ വിശാഖ് നായര്‍ പറയുന്നു.

ഈയടുത്ത് വന്നതില്‍ വെച്ച് മികച്ച ടെക്‌നിക്കല്‍ ക്രൂവുള്ള ചിത്രം കൂടിയാണ് ചത്താ പച്ച. ശങ്കര്‍- എഹ്‌സാന്‍- ലോയ് കോമ്പോയുടെ സംഗീതവും മുജീബ് മജീദിന്റെ ബി.ജി.എമ്മും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കി. കലൈ കിങ്‌സനാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് ഷിഹാന്‍ ഷൗക്കത്തും റിതേഷ് രാമകൃഷ്ണനുമാണ്.

Content Highlight: Vishak Nair shares the shooting experience with Mammootty

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more